മമ്മൂട്ടിയുടെ കരുത്തിൽ കണ്ണൂർ സ്ക്വാഡ്

ഡോ ജോസ് ജോസഫ്

രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും (2022) കാർത്തി നായകനായ തീരൻ അധികാരം ഒൺട്രു (2017) എന്നീ ചിത്രങ്ങൾ ഉത്തരേന്ത്യൻ കൊള്ള സംഘങ്ങളെ പിന്തുടർന്നു കണ്ടെത്തിയ അന്വേഷണാത്മക പോലീസ് സ്റ്റോറികളായിരുന്നു.’ഓപ്പറേഷൻ ബവാരിയ ‘ എന്ന യഥാർത്ഥ സംഭവമായിരുന്നു തീരൻ്റെ പ്രമേയം. മമ്മൂട്ടി അവതരിപ്പിക്കുന്ന ജോർജ്ജ് എന്ന ഏഎസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ കണ്ണൂർ സ്ക്വാഡ് കുറ്റവാളികളെ കണ്ടെത്താൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടത്തുന്ന തിരച്ചിൽ ഈ രണ്ടു സിനിമകളെയും അനുസ്മരിപ്പിക്കും.

കേരള പോലീസിൽ നിലവിലുണ്ടായിരുന്ന യഥാർത്ഥ കണ്ണൂർ സ്ക്വാഡിന് ഒരു ട്രിബ്യൂട്ടാണ് ചിത്രം. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ കാസർഗോഡ് സലാം ഹാജി കൊലക്കേസ് അന്വേഷണത്തെയും ചിത്രം ഓർമ്മിപ്പിക്കും. കുറ്റവും ശിക്ഷയും ,തീരൻ എന്നീ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ റിയലിസ്റ്റിക്കാണ് കണ്ണൂർ സ്ക്വാഡിൻ്റെ മേക്കിംഗ്. 1989 ൽ മമ്മൂട്ടിയെ നായകനാക്കി മഹായാനം എന്ന സിനിമ നിർമ്മിച്ച സി ടി രാജൻ്റെ മകൻ റോബി വർഗീസ് രാജാണ് കണ്ണൂർ സ്ക്വാഡിൻ്റെ സംവിധായകൻ. തലമുറകൾ മാറുമ്പോഴും മാറ്റമില്ലാത്തത് മമ്മൂട്ടിക്കു മാത്രം. മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളിലെ നായകന്മാരേക്കാൾ കൂടുതൽ ഊർജ്ജസ്വലനാണ് കണ്ണൂർ സ്ക്വാഡിലെ ഏഎസ് ഐ ജോർജ്ജ്.

 

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മികച്ച ഛായാഗ്രാഹകനായ റോബി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റോബിയുടെ സഹോദരനായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.നടനായ റോണി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. 162 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. കേരള-കർണ്ണാടക അതിർത്തിയിൽ തുടങ്ങി ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ അവസാനിക്കുന്ന ഒരു റോഡ് മൂവിയാണ് കണ്ണൂർ സ്ക്വാഡ്.

സാധാരണ പോലീസ് സ്റ്റോറികളിൽ ഹൈ പ്രൊഫൈൽ ഉദ്യോഗസ്ഥരാണ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതെങ്കിൽ ഇവിടെ അത് താഴ്ന്ന റാങ്കിലുള്ള പോലീസുകാരാണ്. ക്രൈമിൻ്റെ ജാതകമെഴുതുന്ന അവർ പക്ഷെ കരഘോഷങ്ങൾക്കു കാത്തു നിൽക്കാതെ മാഞ്ഞു പോകും. ക്രെഡിറ്റ് അടിച്ചു മാറ്റാൻ കാത്തു നിൽക്കുന്ന രാഷ്ട്രീയക്കാരുടെയും മേധാവികളുടെയുംസിസ്റ്റം അവരെ പരമാധി ഞെരുക്കം. 80 ശതമാനം പേരും സമയം നോക്കി ജോലി ചെയ്യുമ്പോൾ ബാക്കി 20ശതമാനം പേരാണ് ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിലൂടെ പോലീസ് സേനയുടെ അഭിമാനം കാക്കുന്നത്.ജീവൻ പണയം വെച്ചും കുറ്റം തെളിയിക്കാൻ ഏതറ്റം വരെയും പോകുന്ന സേനയിലെ ആ ന്യൂനപക്ഷത്തിൻ്റെ കഥയാണ് കണ്ണൂർ സ്ക്വാഡ്.

 

രാഷ്ടീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അതിവേഗം തെളിയിക്കാൻ കണ്ണൂർ എസ്പി 2007 ൽ രൂപീകരിച്ച പ്രത്യേക വിഭാഗമാണ് കണ്ണൂർ സ്ക്വാഡ്. സേനയിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്ന ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രത്തിൻ്റെ തുടക്കം. സ്ക്വാഡിൻ്റെ ലീഡറായ ഏഎസ് ഐ ജോർജ്ജിന് (മമ്മൂട്ടി ) വീടോ കുടുംബമോ പ്രത്യേക ബാധ്യതകളോ ഒന്നുമില്ല.ജോസ് (അസീസ് നെടുമങ്ങാട്), ജയൻ (റോണി ഡേവിഡ് രാജ്) ഷാഫി (ശബരീഷ് വർമ്മ) എന്നിവരാണ് കണ്ണൂർ സ്ക്വാഡിലെ മറ്റ് സേനാംഗങ്ങൾ .കുടുംബ പ്രാരാധ്ബ്ദങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം നേരിടുന്നവരാണ് ഇവർ.ക്രൈം അന്വേഷണത്തോടെപ്പം സാധാരണ പോലീസുകാർ നേരിടുന്ന ജീവിത പ്രശ്നങ്ങളയും ചിത്രം റിയലിസ്റ്റിക്കായി വരച്ചു കാട്ടുന്നുണ്ട്.

 

കണ്ണൂർ എസ്പി കൃഷ്ണലാലിൻ്റെ (വിജയരാഘവൻ) നേരിട്ടുള്ള മേൽനോട്ടത്തിലാണ് സ്ക്വാഡ്. സംഘാംഗങ്ങളിൽ ഒരാൾ അഴിമതിക്കേസിൽ കുടുങ്ങിയതോടെ സ്ക്വാഡിൻ്റെ പ്രവർത്തനം പ്രതിസന്ധിയിലാകുന്നു.ഇതിനിടെയുണ്ടാകുന്ന കാസർഗോഡ് അബ്ദുൾ വഹാബ് കൊലപാതകം വലിയ കോളിളക്കം സൃഷ്ടിക്കുന്നു. സംഘത്തിൻ്റെ അഴിമതി പ്രതിഛായ സൃഷ്ടിച്ച എതിർപ്പ് മറികടന്നും അന്വേഷണം കണ്ണൂർ സ്ക്വാഡിനെ ഏൽപ്പിക്കാൻ കാസർഗോഡ് എസ് പി ചോളൻ (കന്നഡ നടൻ കിഷോർ കുമാർ) തയ്യാറാകുന്നു. വെറും 10 ദിവസമാണ് അന്വേഷണം പൂർത്തിയാക്കാൻ കണ്ണൂർ സ്ക്വാഡിന് അനുവദിച്ച സമയം.

 

ജോർജിൻ്റെയും സംഘത്തിൻ്റെയും ഓട്ടം ഇവിടെ തുടങ്ങുന്നു. ഫ്ലൈറ്റ് ടിക്കറ്റിനോ മറ്റ് പ്രത്യേക ആനുകൂല്യങ്ങൾക്കോ അവകാശമില്ലാത്ത സാദാ പോലീസുകാരുടെ സ്ക്വാഡിൽ അഞ്ചാമനായി സുമോ വാഹനവും ഒപ്പമുണ്ട്. കൊലപാതകത്തിന് രാഷ്ട്രീയ-സാമുദായിക നിറമില്ലെന്ന് സ്ക്വാഡ് ആദ്യമെ ഉറപ്പാക്കുന്നു. ഫോൺ കോളുകളും മൊബൈൽ ടവറും കേന്ദ്രീകരിച്ചാണ് അന്വേഷണം. അത് അവരെ മുംബൈയിലും ഉത്തർപ്രദേശിലുമെല്ലാം ഓടിയെത്തിക്കുന്നു. ഓരോ പോയിൻ്റിലും കുറ്റവാളികൾ വഴുതി മാറി രക്ഷപെടുന്നു.യു പി കണക്ഷൻ തേടിയെത്തിയ കണ്ണൂർ സ്ക്വാഡിന് നേരിടേണ്ടി വരുന്നത് അപ്രതീക്ഷിത വെല്ലുവിളികളാണ്. ചിത്രത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ചടുലമാണ്.വഹാബിൻ്റെ കൊലപാതവും യു പി ഫൈസാബാദിലെ ഗ്രാമത്തിലെ സംഘർഷവുമെല്ലാം റിയലിസ്റ്റിക്കായി ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങൾ കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു.

പോലീസ് അന്വേഷണത്തിലെ നടപടിക്രമങ്ങൾ ചിത്രം കൃത്യമായി കാണിക്കുന്നുണ്ട്. മുകളിൽ നിന്നുള്ള സമ്മർദ്ദവും മാനസിക സമ്മർദവും ഒരേ സമയം നേരിട്ടു കൊണ്ട് കൃത്യ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയാണ് സ്ക്വാഡ് നേരിടുന്ന വെല്ലുവിളി. ഇതിൻ്റെ ആകാംഷ ആദ്യാവസാനം നിലനിർത്താൻ തിരക്കഥാകൃത്തുക്കൾ വിജയിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലും തലയെടുപ്പോടെ പതറാതെ നിൽക്കുന്ന ലീഡർ എ എസ് ഐ ജോർജ്ജാണ് സ്ക്വാഡിൻ്റെ ശക്തി.

കുറ്റാന്വേഷകനായ പോലീസുകാരൻ്റെ വേഷത്തിൽ മമ്മൂട്ടി പതിവു പോലെ തിളങ്ങി. മമ്മൂട്ടിയുടെ താരപരിവേഷത്തെ സംവിധായകൻ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അസീസ്, ശബരീഷ്, റോണി എന്നിവരുടെ പ്രകടനങ്ങളും മികച്ചതാണ്. ചിത്രത്തിൽ നായികമാരൊന്നുമില്ല.
ഒരു ത്രില്ലർ റോഡ് മൂവിയ്ക്കു ചേർന്നതാണ് മുഹമ്മദ് റാഹിലിൻ്റെ ക്യാമറ. സുഷിൻ ശ്യാമിൻ്റെ സംഗീതവും ആകർഷകമാണ്. ചിത്രം മൊത്തത്തിൽ ഉയർന്ന സാങ്കേതിക നിലവാരം പുലർത്തുന്നു.