ഓഫിസില്‍ നിന്നിറങ്ങി വന്ന് അഖില്‍ പണം വാങ്ങി; പരാതിക്കാരന്‍

In Editors Pick, Featured
October 01, 2023

കൊച്ചി : നിയമനത്തിന് പണം വാങ്ങിയെന്ന ആരോപണത്തില്‍  തനിക്കെതിരെ മന്ത്രിയുടെ പഴ്സനല്‍ സ് സ്റ്റാഫ് പരാതിനല്‍കിയതിനെതിരെ പരാതിക്കാരൻ ഹരിദാസന്‍ രംഗത്ത്. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍തന്നെ മനസിലാക്കട്ടെ. ഉപ്പുതിന്നുന്നവന്‍ വെള്ളംകുടിക്കുമെന്ന് മന്ത്രിയുടെ പി.എസ്. പറഞ്ഞു. ഏപ്രില്‍ 9ന് അഖിലിനെ കാണാന്‍ പോയെങ്കിലും കാണാന്‍ കഴി‍ഞ്ഞില്ല. 

പി.എസ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മന്ത്രിക്ക് ക്ഷീണമാകും. പൊലീസില്‍ പരാതിപ്പെടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം മന്ത്രിയുടെ ഓഫീസിനാണ്. അഖില്‍ മന്ത്രിയുടെ ഓഫിസില്‍നിന്ന് ഇറങ്ങിവന്നാണ് പണംവാങ്ങിയതെന്നും ഹരിദാസന്‍ ആരോപിച്ചു. 

ഹോമിയോ ഡോക്ടറായ മകന്‍റെ ഭാര്യക്ക് ആയുഷ് വഴി കരാര്‍ നിയമനം ലഭിക്കാന്‍ അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഒന്നേമുക്കല്‍ ലക്ഷം രൂപ കൈമാറിയെന്നുമാണ് ഹരിദാസിന്‍റെ പരാതി. സിഐടിയുവിന്‍റെ പത്തനംതിട്ട ജില്ല കമ്മിറ്റി ഒാഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവാണ് ജോലിക്ക് കോഴ ആവശ്യപ്പെട്ട് സമീപിച്ചത്. അഖില്‍ സജീവിന് മാര്‍ച്ച് 24ന് ഒാണ്‍ലൈന്‍ വഴി 25000 രൂപയും ഏപ്രില്‍ മാസം മലപ്പുറത്തെ വീട്ടില്‍ വച്ച് 50000രൂപയും കൈമാറി. ഏപ്രില്‍ 10ന് മന്ത്രിയുടെ ഒാഫീസിന് പുറത്തെ ഒാട്ടോ സ്റ്റാന്‍ഡിന് സമീപത്തുവച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസിന്‍റെ പരാതി.

ഏപ്രില്‍ 12ന് നിയമന ഉത്തരവ് ഇമെയില്‍ വഴി ലഭിച്ചു. എന്നാല്‍ ആയുഷ് മിഷന്‍റെ പേരില്‍ ഇറങ്ങിയ നിയമന ഉത്തരവ് വ്യാജമാണന്നാണ് ഒൗദ്യോഗിക അറിയിപ്പ്. എന്നാല്‍ പണം വാങ്ങിയയാള്‍ മന്ത്രിയുടെ ഒാഫീസില്‍ നിന്ന് പുറത്തു വന്ന് പണം വാങ്ങിയ ശേഷം അങ്ങോട്ടു തന്നെ തിരിച്ചു പോയന്നാണ് ഹരിദാസിന്‍റെ പരാതി. മന്ത്രിയുടെ പിഎസിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പരാതി അയച്ചത്. പൊലീസില്‍ പരാതി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രിയാണ് മറുപടി പറയേണ്ടതെന്ന നിലപാടിലാണ് ഹരിദാസന്‍.