December 12, 2024 7:05 pm

നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും ഉദ്യോഗസ്ഥരും

ഭോപാല്‍: തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. എം.പിമാര്‍ക്കുപകരം രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് രാഹുല്‍ഗാന്ധി. പ്രധാനവിഷയങ്ങളില്‍നിന്ന് ജനശ്രദ്ധതിരിക്കുകയെന്ന ജോലിയാണ് കേന്ദ്രസര്‍ക്കാരിന് ആര്‍.എസ്.എസ്. നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലാണ്. അതിന്റെ ഒരുഭാഗത്ത് കോണ്‍ഗ്രസും മറ്റൊരു ഭാഗത്ത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. ഒരുവശത്ത് ഗാന്ധിജിയും മറ്റൊരു വശത്ത് ഗോഡ്‌സേയും. വിദ്വേഷത്തിനും അക്രമണത്തിനും അഹങ്കാരത്തിനുമെതിരെ പോരാടുന്നത് സ്‌നേഹവും ബഹുമാനവും സാഹോദര്യവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. ഭരണത്തിന് കീഴില്‍ മധ്യപ്രദേശ് ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമായെന്ന് ഭാരത് ജോഡോ യാത്രക്കിടെ ആളുകള്‍ തന്നോട് പറഞ്ഞു. ഉച്ച ഭക്ഷണത്തിന്റെയും വിദ്യാര്‍ഥികള്‍ക്കുള്ള യണിഫോമിന്റേയും പണം ബി.ജെ.പി. അടിച്ചുമാറ്റി. ഒരു കോടി യുവാക്കളെയാണ് വ്യാപം അഴിമതി ബാധിച്ചത്. പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ ചോര്‍ത്തപ്പെടുകയും എം.ബി.ബി.എസ്. സീറ്റുകള്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

‘സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ഒന്നോ രണ്ടോ വലിയ വ്യവസായികള്‍ക്കോ വേണ്ടിയല്ല. പാര്‍ലമെന്റില്‍ ഞാന്‍ അദാനിയുമായി ബന്ധപ്പെട്ട വിഷയമുയര്‍ത്തിയപ്പോള്‍, അദ്ദേഹത്തെ രക്ഷിക്കാന്‍ ബി.ജെ.പി. എന്റെ ലോക്‌സഭാംഗത്വം റദ്ദാക്കി’, രാഹുല്‍ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News