കെട്ടുകഥ പോലെ അതിജീവനത്തിൻ്റെ ആടുജീവിതം

 ഡോ ജോസ് ജോസഫ്
” നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് ” മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട നോവലുകളിലൊന്നായ ആടുജീവിതത്തിൻ്റെ പുറംചട്ടയിലെ പ്രശസ്തമായ വാക്യമാണിത്.
സ്റ്റാർ വാല്യു സംരക്ഷിക്കാനോ ഗ്ലാമർ സംരക്ഷിക്കാനോ 'ആടുജീവിതം' മാറ്റിയിട്ടില്ല - Benyamin | Aadujeevitham | Interview | ആടുജീവിതം | Tharakans Grandhavari | Manorama Literature
സൗദി അറേബ്യയിലെ  മരുഭൂമിയ്ക്കു നടുവിലെ മസറയിൽ കുടുങ്ങി തീർത്തും  മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ  അടിമജീവിതം നയിക്കേണ്ടി വന്ന ആറാട്ടുപുഴക്കാരൻ നജീബിൻ്റെ അതിദയനീയമായ യഥാർത്ഥ കഥയാണ് ആടുജീവിതത്തിലൂടെ  ബെന്യാമിൻ വരച്ചുകാട്ടിയത്.
2009 – ലെ സാഹിത്യ അക്കാദമി അവാർഡും 2015-ലെ പത്മപ്രഭ പുരസ്ക്കാരവും നേടിയ ഈ നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ബ്ലെസി സംവിധാനം ചെയ്ത  ആടുജീവിതം എന്ന സിനിമ.
The Goat Life (2024) - Photo Gallery - IMDb
ബ്ലെസി
ഏറെയും നായകൻ്റെ  ആത്മഗതങ്ങളിലൂടെ പറഞ്ഞു പോകുന്ന നോവലാണ് ആടുജീവിതം. ഇത്  ചലച്ചിത്ര ഭാഷ്യത്തിലേക്ക് മാറ്റുന്നത് ഏറെ ശ്രമകരമാണ്. ചെറിയ പാളിച്ച സംഭവിച്ചാൽ പോലും പരാജയമാകും.എന്നാൽ ആ വെല്ലുവിളി ഏറ്റെടുത്ത് നോവലിന് മികച്ച ചലച്ചിത്ര ഭാഷ്യം സൃഷ്ടിക്കുന്നതിൽ ബ്ലെസി എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ വിജയിച്ചിരിക്കുന്നു.
  2013 ൽ റിലീസ് ചെയ്ത കളിമണ്ണാണ് ബ്ലെസിയുടേതായി എറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. നടി ശ്വേതാ മേനോൻ്റെ പ്രസവം ചിത്രീകരിച്ചതിൻ്റെ പേരിൽ വിവാദങ്ങളിൽ ഇടം നേടിയ കളിമണ്ണ് പ്രേക്ഷകർ ഏറ്റെടുത്തില്ല. അതിനു ശേഷം ഒരു പതിറ്റാണ്ടിലേറെ നീണ്ട തയ്യാറെടുപ്പുകൾക്കും കഠിനാദ്ധ്വാനത്തിനും ഒടുവിലാണ് ബ്ലെസി  ആടുജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
കാഴ്ച, തന്മാത്ര, പളുങ്ക്, ഭ്രമരം, കൊൽക്കത്ത ന്യൂസ് ,പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ തീവ്രമായ മാനുഷികാനുഭവങ്ങൾക്ക് മനസ്സിൽ ഉടക്കി നിൽക്കുന്ന ദൃശ്യഭാഷ സൃഷ്ടിച്ച ബ്ലെസിയുടെ ഏറ്റവും മികച്ച ചിത്രമാണ് ആടുജീവിതം. ബ്ലെസിയുടെയും നായകൻ പൃഥ്വിരാജിൻ്റെയും ആത്മസമർപ്പണം കൂടിയാണ് ഈ ചിത്രം. സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ബ്ലെസിയാണ്. 172 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
 
നോവലിൻ്റെ അതേപടിയുള്ള ചലച്ചിത്രാവിഷ്ക്കാരമല്ല സിനിമ.ചലച്ചിത്രമാധ്യമത്തിനു വേണ്ട മാറ്റങ്ങൾ ബ്ലെസി തിരക്കഥയിൽ വരുത്തിയിട്ടുണ്ട്. വ്യത്യസ്ത മാധ്യമങ്ങളായതിനാൽ നോവലും സിനിമയും  തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽ അർത്ഥമില്ല. നോവലിൻ്റെ ഉൾക്കരുത്ത് തെല്ലും ചോരാതെയാണ് ബ്ലെസി സിനിമ തയ്യാറാക്കിയിരിക്കുന്നത്.
നജീബിൻ്റെ അതിജീവനത്തിനാണ് സിനിമയിൽ മുൻതൂക്കം. നോവലിലെ നായകൻ നജീബ്  കടുത്ത ഈശ്വര വിശ്വാസിയാണ്. സിനിമയിൽ അയാൾ  വിശ്വാസത്തിൻ്റെ തിരിനാളം കെടാതെ സൂക്ഷിക്കുന്നുണ്ടെങ്കിലും ചിലപ്പോഴെല്ലാം സന്ദേഹിയാണ്. പടച്ചോൻ ഉണ്ടെങ്കിൽ എനിക്ക് ഇങ്ങനെ സംഭവിക്കില്ലെന്ന് അയാൾ ആത്മഗതം പെയ്യുന്നുണ്ട്.
ഭാര്യ സൈനുവുമായുള്ള പ്രണയവും ലിപ് ലോക്ക് സീനുമെല്ലാം സിനിമയിൽ നോവലിൽ നിന്നും വ്യത്യസ്തമായി കടന്നു വരുന്നു. മസറയിൽ നിന്നും രക്ഷപെടുന്നതിനു മുമ്പ് നഗ്നനായി കുളിക്കുന്ന നായകനെ സിനിമയിൽ കാണാം.എന്നാൽ ആടുകളുമായി താദാത്മ്യം പ്രാപിച്ച നായകൻ പെണ്ണാടുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന നോവലിലെ ഭാഗം സിനിമയിൽ ഇല്ല.
Aadujeevitham (The Goat Life) OTT Release: When And Where To Watch Prithviraj Sukumaran's Film
 
 മണൽക്കാറ്റ് ചുഴറ്റിയടിക്കുന്ന മരുഭൂമിയുടെ ദൃശ്യത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം.ഗർഭിണിയായ ഭാര്യ സീനുവിനെ (അമല പോൾ ) നാട്ടിൽ ഉമ്മക്കൊപ്പം (ശോഭ മോഹൻ ) ആക്കിയതിനു ശേഷമാണ് നജീബ് (പൃഥ്വിരാജ് ) സൗദിയിൽ വിമാനമിറങ്ങുന്നത്.
നാട്ടിൽ ആറ്റിൽ നിന്നും മണൽ വാരുന്നതായിരുന്നു ജോലി.  വലിയ സ്വപ്നങ്ങളോടെയാണ് അഞ്ചാം ക്ലാസ്സുകാരനായ നജീബ് പറമ്പ് പണയപ്പെടുത്തിയ പണം കൊണ്ട് ഗൾഫിലെത്തിയത്.മലയാളമല്ലാതെ മറ്റൊരു ഭാഷയും അയാൾക്കറിയില്ല.
കമ്പനി ഹെൽപ്പറുടെ ജോലിയും പ്രതീക്ഷിച്ച് അയാൾക്കൊപ്പം മലയാളിയായ ഹക്കിമും ( കെ ആർ ഗോകുൽ) ഉണ്ട്.അവധി ദിവസമായ വെളളിയാഴ്ച സൗദിയിൽ വിമാനമിറങ്ങിയ അവരെ കാത്ത് അവരുടെ കഫീൽ (മുതലാളി) അവിടെ  ഉണ്ടായിരുന്നില്ല.
  നീണ്ട കാത്തിരിപ്പിനൊടുവിൽ   പാസ്പോർട് വാങ്ങി നോക്കിയ അറബി  കഫീലാന്നെന്നു കരുതി അയാളുടെ  വണ്ടിയിൽ കയറി അവർ യാത്രയാകുന്നു. മരുഭൂമിയിലെ നീണ്ട യാത്രക്കൊടുവിൽ നജീബ് എത്തിച്ചേരുന്നത് ആടുവളർത്തൽ കേന്ദ്രത്തിലാണ്. നരകയാതനയാണ് അവിടെ അയാളെ കാത്തിരുന്നത്.അർബാബുമാർ സംസാരിക്കുന്ന അറബി  ഭാഷ അയാൾക്കറിയില്ല. 
Prithviraj Starrer Aadujeevitham Will Only Hit The Theatres In 2020! - Filmibeat
അറബി സംഭാഷണങ്ങളുടെ മലയാളം സബ്ടൈറ്റിൽ പലപ്പോഴും കാണിക്കാത്തത് ഭാഷയറിയാതെ നജീബ് അനുഭവിച്ച ധർമ്മസങ്കടം  പ്രേക്ഷകരിലേക്കും പകരും. തികച്ചും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളും ചുട്ടു പൊള്ളുന്ന ആവാസ വ്യവസ്ഥയും അയാളെ മനുഷ്യനല്ലാതാക്കി മാറ്റി.
സമയം അവിടെ നിശ്ചലമാണ്. ജീവനെടുക്കാൻ നിർഭാഗ്യങ്ങൾ പോലും കടന്നു വരില്ല. പേരും രൂപവുമെല്ലാം ക്രമേണ മാഞ്ഞു പോകും. ജീവിതം കടങ്കഥയായി മാറും. നോവലിൽ പറയുന്നതു പോലെ “ലോകം നമ്മളെ അറിയുന്നില്ല. നമ്മൾ ലോകവും അറിയുന്നില്ല”.
  ഉടുത്തു മാറാൻ മറുവസ്ത്രമില്ല. കുടിക്കാനും കുളിക്കാനും വെള്ളമില്ല. നല്ല ഭക്ഷണമില്ല. ഷേവ് ചെയ്യാനാവില്ല. മസറകളിൽ കുടുങ്ങിയ അടിമകൾ കഫീലുമാരുടെ പിടിയിൽ നിന്നും രക്ഷപെടാതിരിക്കാൻ ബൈനോക്കുലർ ഘടിപ്പിച്ച വാഹനം മരുഭൂമിയിൽ സദാ ചുറ്റിക്കറങ്ങിയിരുന്നു.
പൊടിക്കാറ്റു വീശിയടിക്കുന്ന വരണ്ട മരുഭൂമിയുടെ നരകതുല്യമായ ആവാസ വ്യവസ്ഥയിൽ   നജീബിനെപ്പോലെ പ്രേക്ഷകനും ആദ്യ പകുതിയുടെ അവസാനത്തോടെ കുടുങ്ങിപ്പോകും.നജീബിൻ്റെ അപരവൽക്കരണവും മാനസ്സികവും ശാരീരികവുമായ പീഡനങ്ങളുമാണ് ഒന്നാം പകുതിയിലെങ്കിൽ തീവ്രമായ അതിജീവന ശ്രമമാണ് രണ്ടാം പകുതി. നായകൻ പൂർണ്ണമായും  ശാരീരികമായി രൂപാന്തരം പ്രാപിച്ച രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ മികച്ചതാണ്.
ഏത് ദുരന്ത സാഹചര്യത്തെയും അവസാനം വരെ പോരാടി  അതിജീവിക്കാനുള്ള മനുഷ്യൻ്റെ അടങ്ങാത്ത ത്വരയാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി. ഇവിടെ ശരീരവും മനസ്സും മാത്രമല്ല, ഈശ്വരനും സഹായിയാണ്.നജീബിൻ്റെയും ഹക്കിമിൻ്റെയും രക്ഷപെടാനുള്ള അവസാന ശ്രമത്തിന് രക്ഷകനെപ്പോലെ വഴികാട്ടിയായി  ആഫ്രിക്കക്കാരനായ ഇബ്രാഹിം ഖാദിരി (ജിമ്മി ജീൻ ലൂയിസ് ) എത്തുന്നു.
മരുഭൂമിയുടെ മാരകമായ വന്യതയെ വിസ്മയക്കാഴ്ച്ചകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ആളെ ഇട്ടു മൂടി കടന്നു പോകുന്ന മണൽക്കാറ്റും കാലിനടിയിലൂടെ ഇഴഞ്ഞു പോകുന്ന മണൽപ്പാമ്പുകളും മരുപ്പച്ചയുടെ മായക്കാഴ്ച്ചകളും പ്രേക്ഷകനെ വിഭ്രമിപ്പിക്കും. രക്ഷപെട്ടോടുന്ന ഈ യാത്രയിൽ ദാഹം മാറ്റാൻ വിയർപ്പു കുടിയ്ക്കുന്നതും വിശപ്പു മാറ്റാൻ മണൽ വാരിത്തിന്നുന്നതും പാദങ്ങൾ വിണ്ടു പൊട്ടിക്കീറുന്നതുമെല്ലാം കാഴ്ച്ചക്കാരിൽ ഞെട്ടലുളവാക്കും.
  പൃഥിരാജിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നജീബ്. ഒരു നടൻ്റെ അഭിനയ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന അത്ഭുതം. എല്ലും തോലുമായി മാറിയ നജീബാകാൻ വേണ്ടി 35 കിലോഗ്രാമോളം ഭാരമാണ് പൃഥി  കുറച്ചത്. എയർപോർട്ടിൽ എത്തുന്ന ചെറുപ്പക്കാരനായ  നജീബായി പൃഥിയുടേത് നാധാരണ അഭിനയമാണ്. എന്നാൽ മരുഭൂമിയിലെ മസറയിൽ കുടുങ്ങുന്ന നജീബായുള്ള രൂപാന്തരം അതിശയിപ്പിക്കുന്നതാണ്. ജടപിടിച്ച മുടിയും താടിയും മഞ്ഞളിച്ച  പല്ലുകളും കലങ്ങിയ കണ്ണുകളുമുള്ള നജീബിനെ പൃഥിരാജ് അസാധ്യമായി അവതരിപ്പിച്ചു.
The riveting international trailer of Prithviraj-Amala Paul's 'Aadujeevitham' is here - Tamil News - IndiaGlitz.com
മണൽക്കാട്ടിൽ എങ്ങോ മാഞ്ഞു പോയ ഇബ്രാഹിം ഖാദിരി എന്ന ആഫ്രിക്കക്കാരനായി എത്തിയ ജിമ്മി ജീൻ ലൂയിസിൻ്റെ പ്രകടനവും അത്യാകർഷകമാണ്. തുടക്കക്കാരൻ്റെ പതർച്ചയില്ലാത്ത അഭിനയമാണ് ഹക്കിമിനെ അവതരിപ്പിച്ച കെ ആർ ഗോകുലിൻ്റേത്.ഈ നടന് വലിയ ഭാവിയുണ്ട്. സീനുവിൻ്റെ ചെറിയ റോളിൽ എത്തിയ അമല പോളിന് കാര്യമായി ഒന്നും ചെയ്യാനില്ല.
   
കഥയുടെ ആത്മാവിനെ ആവാഹിച്ചെടുത്ത എ ആർ റഹ്മാൻ്റെ പശ്ചാത്തല സംഗീതവും മരുഭൂമിയുടെ നേർത്ത സ്പന്ദനങ്ങൾ പോലും സൂക്ഷ്മമായി ഒപ്പിയെടുത്ത റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും ശക്തമായ പിന്തുണയാണ് സംവിധായകന് നൽകുന്നത്. മസറയിലെത്തുന്ന ടാങ്കർ ലോറിയുടെ ഓവർ ഫ്ലോയിൽ നിന്നും ആറാട്ടുപുഴയിലെ പുഴയിലേക്കുള്ള കട്ട്  ഉൾപ്പെടെ മികച്ച എഡിറ്റിംഗാണ് ശ്രീകർ പ്രസാദിൻ്റേത്.
സുനിൽ കെ എസിൻ്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് വിസ്മയകരമായ ദൃശ്യവിരുന്നാണ്. സംവിധായകൻ ബ്ലെസിയുടെ 16 വർഷം നീണ്ട ധ്യാനത്തിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും ഫലമാണ് അന്താരാഷ്ട്ര നിലവാരമുള്ള ആടുജീവിതം. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഈ വർഷം പാൻ ഇന്ത്യൻ അപ്പീൽ ഉള്ള മറ്റൊരു മലയാള ചിത്രം കൂടി എത്തിയിരിക്കുകയാണ്.
——————————————————————————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

——————————————————————–