സി പി എം ബാങ്ക് തട്ടിപ്പ്; നടപടി ഉറപ്പെന്ന് വീണ്ടും പ്രധാനമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, സംസ്ഥാനത്തെ സി പി എം നേതാക്കൾക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരളത്തിലെ ബി.ജെ.പി ബൂത്ത് നേതാക്കളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും ഉൾപ്പെട്ട സ്വര്‍ണക്കടത്തും മോദി പരാമർശിച്ചു.

സ്വര്‍ണക്കടത്തിലെ കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ട്.രാജ്യത്തിന് മുഴുവന്‍ ബോധ്യവുമുണ്ട്.കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്.പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നതിലേക്കാണ് ഈ തട്ടിപ്പ് കലാശിച്ചത്.ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും.

ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയ പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടാതെ പോകാന്‍ അനുവദിക്കില്ല. ഇവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും. നീതി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു.