ട്രിപ്പോളി: ലിബിയയിലെ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അധികൃതർ ഊർജിതമാക്കി. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളിയാഴ്ച ഡെർന നഗരം അടച്ചു. നഗരത്തിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തി. രക്ഷാപ്രവർത്തകർമാത്രമാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്.
ചെളിയിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് തീവ്രശ്രമം. 10,100 പേരെയാണ് കണ്ടെത്താനുള്ളത്. 11,300 പേരാണ് ഇതുവരെ മരിച്ചത്. ഡെർനയുടെ സമീപനഗരങ്ങളിലെത്തിച്ചാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതെന്ന് കിഴക്കൻ ലിബിയയിലെ ആരോഗ്യമന്ത്രി അറിയിച്ചു.
കനത്തമഴയെത്തുടർന്ന് രണ്ടു ഡാമുകൾ തകർന്നാണ് കഴിഞ്ഞ ശനിയാഴ്ച ഡെർനയിൽ പ്രളയമുണ്ടായത്. നഗരത്തിലെ പ്രധാനപാലങ്ങളും തകർന്നു. ലിബിയയിലെ ആഭ്യന്തരസംഘർഷവും രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറയ്ക്കുന്നുണ്ട്.
Post Views: 267