സഹകരണമേഖല; വിശ്വാസം വീണ്ടെടുക്കാൻ വീടു കയറും

In Main Story
October 02, 2023
തിരുവനന്തപുരം:സഹകരണമേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സിപിഎം ഗൃഹസന്ദർശനം നടത്തും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ പ്രസിഡന്റായ സംസ്ഥാന പ്രൈമറി കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്നു മുതൽ ഗൃഹസന്ദർശനം.
പല ബാങ്കുകളിൽനിന്നും നിക്ഷേപം പിൻവലിച്ചിട്ടുണ്ട്. ഇത്രയും തുകയ്ക്കു തുല്യമായ നിക്ഷേപം അതേ ബാങ്കുകളിലേക്കു ജീവനക്കാർ സമാഹരിച്ചു നൽകണം. പാർട്ടിയും സഹായിക്കും. ഈ മാസം 15നുള്ളിൽ എല്ലാ ജില്ലകളിലും ജീവനക്കാരുടെയും സഹകാരികളുടെയും സംയുക്ത കൺവൻഷനും ചേരും.
നിക്ഷേപകരുടെ ആത്മഹത്യകളുണ്ടായപ്പോഴും കാത്തിരുന്ന സിപിഎമ്മും സർക്കാരും പാർട്ടി നേതാക്കളുടെ അറസ്റ്റിലേക്ക് എത്തിയപ്പോഴാണ് അരയും തലയും മുറുക്കി ഇറങ്ങുന്നത്.

 കരുവന്നൂർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകരെ സഹായിക്കാനായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്നു കരുവന്നൂർ ബാങ്കിലേക്കു നിക്ഷേപം സ്വീകരിക്കാൻ  പദ്ധതിയിടുന്നു. പാർട്ടിയും സർക്കാരും അകപ്പെട്ട പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിനാണു സിപിഎം ശ്രമിക്കുന്നത്. ലാഭത്തിലുള്ള സംഘങ്ങളോടാണു താൽക്കാലികമായി നിക്ഷേപം നൽകണമെന്നു നിർദേശിക്കുക. സഹകരണ പുനരുദ്ധാരണ നിധി രൂപീകരിക്കുമ്പോൾ തിരിച്ചു നൽകുമെന്നാണു വാഗ്ദാനം.

നിധി നിലവിൽ വരണമെങ്കിൽ ആദ്യം ചട്ടം രൂപീകരിക്കണം. കേരള ബാങ്ക് വഴി പണം സമാഹരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ആർബിഐയുടെ നിയന്ത്രണങ്ങളുള്ളതിനാൽ അതിനു കഴിയില്ലെന്ന് വ്യക്തമായതോടെയാണു മറ്റു വഴികൾ തേടുന്നത്.

സഹകരണ പുനരുദ്ധാരണനിധി ഒരുമാസം കൊണ്ടു പ്രാവർത്തികമാക്കാമെന്നാണു സർക്കാർ കരുതുന്നത്. 3 തരത്തിലാണു നിധിയിലേക്കു പണമെത്തുക. കേരള ബാങ്കിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ ലാഭവിഹിതം റിസർവ് ഫണ്ടായി അടച്ചിട്ടുണ്ട്. കാർഷിക വില സ്ഥിരതാ ഫണ്ടായി പ്രാഥമിക സംഘങ്ങൾക്കു നൽകാൻ മാറ്റിവച്ചിരിക്കുന്ന 1200 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേ, സർക്കാരിന്റെ വിഹിതവും ചേർത്താണു നിധി രൂപീകരിക്കുക. ഇക്കാര്യം ചർച്ച ചെയ്യാൻ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കേരള ബാങ്ക് പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ 3നു ചേരും. നിധി നിലവിൽ വരുന്നതുവരെ 30 കോടിയോളം രൂപ അടിയന്തരമായി വേണ്ടിവരും. ഇതിനായി ബാങ്ക് പ്രസിഡന്റുമാരുടെ യോഗം 4ന് ഓൺലൈനായി മന്ത്രി വിളിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ എന്നിവർ എകെജി സെന്ററിൽ ഇന്നലെ വിശദ ചർച്ച നടത്തി. കേരള ബാങ്കിലെ സിപിഎം ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും യോഗവും എകെജി സെന്ററിൽ ചേർന്നു.

കരുവന്നൂർ ബാങ്കിനു 400 കോടി രൂപ പലയിനത്തിൽ കിട്ടാനുണ്ടെന്നു സർക്കാർ പറയുന്നു. അതേസമയം, ബാങ്കിന്റെ സ്വത്തുക്കളിൽ പലതും കേരള ബാങ്കിൽ പണയത്തിലിരിക്കുകയാണെന്നതാണു വസ്തുത. ശതാബ്ദി മന്ദിരത്തിന്റെ ആധാരം 12 കോടി രൂപയുടെ കടത്തിൽ കേരള ബാങ്കിലാണ്. കേരള ബാങ്കിൽ 52 കോടിയിലധികം രൂപയുടെ കിട്ടാക്കടവുമുണ്ട്.