കരുവന്നൂർ കേസിലെ സി പി എം ബന്ധം തെളിയിക്കാൻ ഇ ഡി നീക്കം

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണക്കേസിൽ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായകമായ നീക്കം നടത്തുന്നു.

കേസിൽ രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയതായി ഇ.ഡി കോടതിയെ അറിയിച്ചു. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെയാണ് മാപ്പുസാക്ഷികളാക്കിയത്. ഇതു തങ്ങൾ
സ്വമേധയാ എടുത്ത തീരുമാനമാണെന്ന് കോടതിയിൽ ഹാജരാക്കിയ അവസരത്തിൽ ഇരുവരും അറിയിച്ചു.

കേസിൽ യഥാക്രമം 33, 34 പ്രതികളാണ് സുനിൽകുമാർ, ബിജു കരീം എന്നിവർ. കേസിൽ രണ്ടു മാപ്പു സാക്ഷികളുണ്ടെന്ന് നേരത്തെ തന്നെ ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

സുനിൽകുമാറും ബിജു കരീമും ചേർന്നാണ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനു ക്രമവിരുദ്ധമായി വായ്പകൾ അനുവദിച്ചത്. വായ്പകൾ അനുവദിക്കാൻ സി പി എം നേതാവ് പി.ആർ. അരവിന്ദാക്ഷൻ വഴിയാണ് ഇടപെടലുകൾ നടത്തിയത്.

ഒന്നാം പ്രതി സതീഷ് കുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സുനിൽകുമാറിനെയും ബിജു കരീമിനെയും മാപ്പുസാക്ഷികളാക്കുന്നതോടെ, കേസിൽ മറ്റു പ്രതികളുടെ പങ്കു തെളിയിക്കാൻ എളുപ്പമാകുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തുന്നത്.

കുംഭകോണക്കേസിലെ സി പി എം ബന്ധം തെളിയിക്കാനാകുമെന്നും ഇ.ഡി കരുതുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 21ലേക്കു നീട്ടി. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയും 21നു പരിഗണിക്കും.