സ്വത്ത് കുംഭകോണം: മുതിർന്ന കർദിനാളിന് അഞ്ചര വർഷം തടവ്

റോം : കത്തോലിക്കാ സഭയിലെ ഏറ്റവും മുതിർന്ന പുരോഹിതനും, ഫ്രാൻസിസ് മാർപാപ്പയുടെ മുൻ ഉപദേഷ്ടാവും ആയിരുന്ന കർദിനാൾ ആഞ്ചലോ ബെക്യുവിനെ വത്തിക്കാൻ കോടതി അഞ്ചര വർഷത്തെ തടവിനു ശിക്ഷിച്ചു.

കോടതി പ്രസിഡൻറ് ഗ്യൂസെപ്പെ പിഗ്നാറ്റോൺ ആണ് വിധി വായിച്ചത്.  ഒരിക്കൽ മാർപ്പാപ്പയാവാൻ സാധ്യത ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന അദ്ദേഹത്തിനു സാമ്പത്തിക കുററങ്ങൾക്ക് ആണ് ശിക്ഷ.  ഇതിനെ തുടർന്ന് ഇററലിക്കാരനായ കർദിനാളിനെ ജയിലിലടച്ചു.

ഓഫീസ് ദുരുപയോഗം, ധൂർത്ത് എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾ എഴുപപത്തിയഞ്ചുകാരനായ കർദിനാൾ ആഞ്ചലോ ബെക്യു നേരത്തെ ശക്തമായി നിഷേധിച്ചിരുന്നു. താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങൾ “തികച്ചും അടിസ്ഥാനരഹിതമാണെന്നും” ആണ് കർദിനാൾ ബെക്യുവിൻ്റെ നിലപാട്.  താൻ ഒരു സെന്റും എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ലണ്ടനിൽ നടന്ന സ്വത്ത് ഇടപാട് സംബന്ധിച്ചാണ് കേസ്. അഭിഭാഷകർ, ധനകാര്യ ഉപദേഷ്ടാക്കൾ, മുൻ വത്തിക്കാൻ ജീവനക്കാർ എന്നിവർ ഉൾപ്പെടെ ഒമ്പതു പേരാണ് പ്രതികൾ. ലണ്ടനിൽ 350 മില്യൺ യൂറോ (380 മില്യൺ ഡോളർ) വിലമതിക്കുന്ന ഒരു ആഡംബര സ്വത്ത് വാങ്ങിയതാണ് കേസിനു ആസ്പദം. 2014 ൽ ആയിരുന്നു സംഭവം.

കോടതിവിധിയെ മാനിക്കുമെന്നും എന്നാൽ അപ്പീൽ ഹർജി സമർപ്പിക്കുമെന്നും ബെക്യുവിൻ്റെ
അഭിഭാഷകൻ ഫാബിയോ വിഗ്ലിയോൺ പറഞ്ഞു. കർദിനാൾ ബെക്യുവിന് 8,000 യൂറോ (ഏകദേശം $8726) പിഴയും ചുമത്തിയിട്ടുണ്ട്.

2021 ജൂലൈയിൽ ആരംഭിച്ച വിചാരണ ആരംഭിച്ചത്. ബിഷപ്പുമാരെയും കർദ്ദിനാൾമാരെയും വിചാരണ ചെയ്യാനുള്ള അധികാരം വത്തിക്കാനിലെ സിവിലിയൻ കോടതികൾക്ക് നൽകി ഫ്രാൻസിസ് മാർപാപ്പ നേരത്തെ ഉത്തരവിട്ടിരുന്നു.

കർദിനാൾ ആഞ്ചലോ ബെക്യുവിനു ഏഴ് വർഷവും മൂന്ന് മാസവും തടവ് വിധിക്കണം എന്നായിരുന്നു പ്രോസിക്യൂട്ടർ അലസ്സാൻഡ്രോ ഡിദ്ദി വാദിച്ചത്.