കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് മന്ത്രി

In Main Story
September 17, 2023

കോഴിക്കോട് :  നിപ നിയന്ത്രണ വിധേയമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി,​. സംസ്ഥാനത്ത് നിലവിൽ പുതിയ പോസിറ്റീവ് കേസുകളില്ല. അതേ സമയം അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു.നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ.

ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഒമ്പതു വയസുകാരൻ വെന്റിലേറ്ററിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും

അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകയ്ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായി കണ്ടെത്തി. ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ ഘട്ടത്തിൽ രണ്ടാംതരംഗം ഉണ്ടായിട്ടില്ല എന്നത് നല്ല കാര്യമാണ് മന്ത്രി പറഞ്ഞു.

ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെയും നില തൃപ്തികരമാണ്. രണ്ടുപേർക്ക് രോഗലക്ഷണമില്ല. രണ്ടു കുട്ടികളടക്കം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 26 പേരാണ് ഐസൊലേഷനിൽ ഉള്ളത്. കണ്ടെയ്മെന്റ് സോണിലെ 22,208 വീടുകളിൽ പരിശോധന നടത്തി. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡ് നിലവിൽ വന്നെന്നും മന്ത്രി അറിയിച്ചു.

അതേസമയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 18 മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് ജില്ലാ കളക്ടർ എ. ഗീത ഉത്തരവിട്ടു. ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം. അങ്കണവാടികളിലും മദ്രസകളിലും വിദ്യാർത്ഥികൾ എത്തേണ്ടതില്ല. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.