സതീഷ് കുമാർ വിശാഖപട്ടണം
1958- ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനം സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നടക്കുകയാണ്. സാധാരണക്കാരായ ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിയുന്നത് കലയ്ക്കും സംഗീതത്തിനുമാണെന്ന് “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിലൂടെ തിരിച്ചറിഞ്ഞ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തൃശ്ശൂരിലെ പ്ലീനത്തിൽ പാടുവാനായി ഒരു പുതിയ ഗാനം അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നു.
ജികെ പള്ളത്ത്
ജനങ്ങളെ ആവേശ കൊടുമുടിയിലെത്തിക്കുന്ന ഒരു പാട്ടുണ്ടെങ്കിലേ പ്ലീനം വിജയകരമാകുവെന്ന് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി അത്തരം ഒരു വിപ്ലവഗാനം ആരെഴുതും എന്നുള്ള അന്വേഷണത്തിൻ്റെ ഒടുവിൽ ചെന്നെത്തിയത് വെറും പതിനാറു വയസ്സുള്ള ഒരു ചെറുപ്പക്കാരനിലേക്കായിരുന്നു. മീശ പോലും മുളയ്ക്കാത്ത ആ പയ്യൻ എഴുതിയ വിപ്ലവ ഗാനം പാടാനെത്തിയത് യേശുദാസും ജയചന്ദ്രനുമൊക്കെ ചലച്ചിത്രരംഗത്ത് എത്തുന്നതിന് മുമ്പ് കേരളത്തിലെ പ്രഗൽഭ ഗായകരായി പേരെടുത്ത കെ എസ് ജോർജും കെ പി എ സി സുലോചനയുമായിരുന്നു.
“രക്തത്തിരകൾ നീന്തിവരും പുലരികളെ ചെമ്പുലരികളെ
ഞങ്ങൾക്കങ്കക്കച്ചകൾ നൽകിയ സന്ധ്യകളെ
യുവസന്ധ്യകളെ
ശക്തികൾ പൂക്കും ഞങ്ങടെ കൈയിലെ പുത്തൻ ചെങ്കൊടിയിത് കണ്ടോ
വിപ്ലവമന്ത്രം വിടരും ചുണ്ടിലെ
പുത്തൻ കാഹളമിത് കേട്ടോ….”
എന്ന് തുടങ്ങുന്ന ഗാനം അന്ന് കേരളം മുഴുവൻ ഏറ്റുപാടുകയുണ്ടായി .
ജികെ പള്ളത്ത് എന്ന കവിയെ അല്ലെങ്കിൽ ഗാനരചയിതാവിനെ അടയാളപ്പെടുത്താൻ
ഇതിലും നല്ലൊരു ഉദാഹരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
തൃശ്ശൂർ എം ജി റോഡിലെ പള്ളത്ത് വീട്ടിൽ 1942 മെയ് 19-നാണ് പി ഗോവിന്ദൻകുട്ടി എന്ന ജികെ പള്ളത്തിന്റെ ജനനം. ഏഴാംക്ലാസിൽ പഠിക്കുന്ന കാലത്തു തന്നെ കവിതകൾ എഴുതാൻ തുടങ്ങിയ ഗോവിന്ദൻകുട്ടിയിലെ കവിയെ തൃശൂർ വിവേകോദയം സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന നെല്ലുവായ് കെ എൻ നമ്പീശൻ മാസ്റ്ററാണ് കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും ” ജികെ പള്ളത്ത് ” എന്ന തൂലികാനാമം ചാർത്തിക്കൊടുക്കുന്നതും .
തൃശ്ശൂരിൽ നാടക പ്രവർത്തനങ്ങളുമായിട്ടായിരുന്നു ജികെ പള്ളത്ത് കലാരംഗത്ത് കൂടുതൽ ശ്രദ്ധേയനാകുന്നത്. കുടുംബവിളക്ക് , ധൂർത്തുപുത്രി എന്നീ രണ്ടു നാടകങ്ങളും
83 നാടകഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഒരുപക്ഷേ കേരളത്തിന്റെ നാടകചരിത്രത്തിൽ ഇത്രയധികം നാടകഗാനങ്ങൾ എഴുതിയ മറ്റൊരു കവി ഉണ്ടോ എന്ന് തന്നെ സംശയമാണ്.
നാടകങ്ങളിലും സിനിമകളിലുമായി ഇദ്ദേഹം എഴുതിയ ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് പ്രശസ്തരായ എൽ പി ആർ വർമ്മ , എം കെ അർജുനൻ, കോട്ടയം ജോയ് , കുമരകം രാജപ്പൻ , മലബാർ മനോഹരൻ, പോൾസൺ കാഞ്ഞാണി , സണ്ണിരാജ് ,വിദ്യാധരൻ മാസ്റ്റർ , കൊടകര മാധവൻ, ഫ്രെഡി , കെ എൻ ലായൻ തുടങ്ങിയ പ്രഗൽഭരായിരുന്നു .
നാടകങ്ങളും നാടകഗാനങ്ങളും എഴുതിയിരുന്ന പള്ളത്തിന് ആദ്യമായി സിനിമയിൽ പാട്ടെഴുതാൻ അവസരം നൽകിയത് സുഹൃത്തും നടനുമായ ടി ജി രവിയായിരുന്നു .
1978-ൽഅദ്ദേഹം നിർമ്മിച്ച “പാദസരം ” എന്ന ചിത്രത്തിലെ നാലു ഗാനങ്ങളിൽ രണ്ടു ഗാനങ്ങൾ എഴുതിയത് ജി കെ പള്ളത്തായിരുന്നു. പാട്ടുകൾക്ക് സംഗീതം പകർന്നത് ദേവരാഗങ്ങളുടെ ശില്പിയായ സാക്ഷാൽ ദേവരാജൻ മാസ്റ്റർ.
പുതിയതായി പാട്ടെഴുതാൻ വരുന്ന ആരായാലും ശരി ആദ്യത്തെ നാലുവരി വായിച്ചുനോക്കി ഇഷ്ടപെട്ടാൽ മാത്രമേ ദേവരാജൻ മാസ്റ്റർ അനുപല്ലവിയിലേയ്ക്കും ചരണത്തിലേയ്ക്കും കടന്നു ചെല്ലുകയുള്ളൂ. എന്തായാലും ജി കെ എഴുതിയ വരികളിലെ കല്പനകൾ ദേവരാജൻമാസ്റ്റർക്ക്
ഏറെ ഇഷ്ടപ്പെട്ടു.
“കാറ്റു വന്നു
നിൻ്റെ കാമുകന്‍ വന്നു
കുന്നിന്‍ ചരുവിലോടക്കുഴലിലോണപ്പാട്ടു പാടും കാറ്റുവന്നു
നിൻ്റെ കാമുകന്‍ വന്നു…”
https://youtu.be/FzyTb9nCTvM?t=11
എന്ന ഗാനം ജയചന്ദ്രൻ്റെ ആലാപനമികവോടെ പുറത്തുവന്നതും അക്കാലത്ത് റേഡിയോയിൽ ഈ ഗാനം സ്ഥിരമായി കേട്ടുകൊണ്ടിരുന്നതും ഇന്നും ആവേശപൂർവ്വം ഓർക്കുന്നു.
ശൃംഗാരഗാനങ്ങൾ എഴുതുന്നതിൽ അസാമാന്യ പാടവമുണ്ടായിരുന്ന വയലാറിൻ്റെ അതേ പാരമ്പര്യവും പദസമ്പത്തും കാത്തുസൂക്ഷിച്ച ഗാനരചയിതാവായിരുന്നു പള്ളത്ത് . അദ്ദേഹത്തിൻ്റെ ഈ ഗാനത്തിലെ അടുത്ത വരികൾ ഒന്ന് കേട്ടുനോക്കൂ..
“കടവത്ത് നാണത്തിന്‍ കതിര്‍ചൂടി നീ
നീലക്കടമ്പുപോല്‍ അടിമുടി പൂത്തുനിന്നു
കവിതപോല്‍ ഈ ഗ്രാമഭംഗികള്‍ നിന്‍ മധുര
സ്വരരാഗമഞ്ജരിയില്‍ കുളിച്ചുനിന്നു
മുളവേണുപോലെ നീ എന്‍ ചുണ്ടിലമർന്നപ്പോൾ
പുളകമായ് നീയെന്നില്‍ ഉണര്‍ന്നു വന്നു…”
(കാറ്റുവന്നു നിൻ്റെ …..)
പാട്ടിൻ്റെ ചരണത്തിലേക്ക് എത്തുമ്പോൾ ശൃംഗാര പദങ്ങളുടെ ലാവണ്യ ലഹരിയിൽ ആസ്വാദകർ തീർച്ചയായും അലിഞ്ഞുചേരും.
“ശരറാന്തല്‍ തിരിതാഴ്ത്തി ശരത്കാല യാമിനി
ശയനമുറി വാതില്‍ ചാരിനിന്നു
അതുവരെ തുറക്കാത്ത
നിന്‍ കിളിവാതിലുകള്‍
ആദ്യമായ് എനിയ്ക്കു നീ തുറന്നുതന്നു
അരിമുല്ലവള്ളിപോല്‍ എന്നില്‍ നീ പടര്‍ന്നപ്പോള്‍
അനുഭവിച്ചറിഞ്ഞു നിന്‍ അംഗസൗരഭ്യം …”
(കാറ്റുവന്നു നിന്റെ
കാമുകന്‍ വന്നു )
1980-ൽ പുറത്തിറങ്ങിയ ജയനും സീമയും അഭിനയിച്ച “ചാകര ” എന്ന ചിത്രത്തിലെ മുഴുവൻ പാട്ടുകളും എഴുതിയത് ജികെ പള്ളത്തായിരുന്നു. ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന ഇതിലെ
കുളിര് ഹാ കുളിര്
കുളിര് കുളിര് കുളിര്
മധുമാരി പെയ്താലും മലർമാരി പെയ്താലും
മനതാരിൽ വേനലിൻ ചൂട്
പ്രിയതോഴി നിന്നിലെ ചൂടേറ്റുണർന്നോട്ടെ
നിൻ മെയ്യിൽ ഞാനലിഞ്ഞോട്ടെ
(കുളിര്…)
എന്ന ഗാനവും കാമ സുഗന്ധിയായ ഒരനുഭൂതി ആസ്വാദകർക്ക് പകർന്നു നൽകാൻ കഴിഞ്ഞു . അന്നത്തെ യുവജനങ്ങളുടെ ഇഷ്ട പ്രണയ ജോടിയായിരുന്ന ജയനും സീമയും ഈ രംഗത്ത് ഇഴുകി ചേർന്നഭിനയിച്ചത് സൂപ്പർസ്റ്റാർ ജയൻ്റെ ആരാധകർ ഇന്നും രോമാഞ്ചത്തോടെ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ.
ജി ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത തുഷാര ഫിലിംസിന്റെ “ചോര ചുവന്ന ചോര “
എന്ന ചിത്രമായിരുന്നു പള്ളത്ത് പാട്ടുകൾ എഴുതിയ മറ്റൊരു ചലച്ചിത്രം . ഇതിലെ
“ശിശിര പൗർണ്ണമി വീണുറങ്ങി ..”
എന്ന വാണിജയറാം പാടിയ ഗാനം അക്കാലത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു.
1982-ൽ പുറത്തിറങ്ങിയ “അമൃതഗീതം ” എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ വാണിജയറാം പാടിയ
“പാടും നിശയിതിൽ
ആടും തരുണി ഞാൻ
തുടി പോൽ തുടിക്കും അധരം ഒന്നു
നുകരാൻ വരൂ നീ പ്രിയനേ..”
എന്ന ഗാനവും ഇനിയും പുറത്തിറങ്ങാത്ത “കരീംദാദ ” എന്ന ചിത്രത്തിൽ ജി കെ എഴുതിയ
ഉന്മാദമുണരുന്ന രാവിൽ നഗ്നമാം നിന്നിളം മെയ്യിൽ
ഒന്നു പുൽകി
പടരുവാൻ മോഹം..”
എന്ന ഗാനത്തിൻ്റെ വരികളും പ്രണയവും രതിയും തുള്ളിത്തുളുമ്പുന്ന ഖജുരാഹോവിലെ കാമശിലകൾ പോലെ മനോഹരമായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ .
“ഉത്തരീയത്തുകിൽ അഴിഞ്ഞു
നീയാ ലജ്ജാ ലതാ പുഷ്പമായി
പാതിമുഖം പൊത്തി നീ വന്നു നിൽക്കുമ്പോൾ ഹേമന്ത ചന്ദ്രലേഖ നീ ഹേമന്ത ചന്ദ്രലേഖ …”
എന്ന വരികളിലെ കൽപ്പനകളിലൂടെ ഒന്നു കണ്ണോടിച്ചാൽ എന്തുകൊണ്ട് ഈ കവി കൂടുതൽ ഗാനങ്ങൾ എഴുതിയില്ല എന്ന് ആരും ആശങ്കപ്പെട്ടു പോകും. തീർച്ചയായും മലയാള ഗാനരചയിതാക്കളിൽ ശൃംഗാര ഭാവനകൾ കൊണ്ട് ഗാനാസ്വാദകരുടെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിക്കാൻ കഴിഞ്ഞവയാണ് ഇദ്ദേഹത്തിൻറെ പല ഗാനങ്ങളും എന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.
പുതിയ കാലത്തിൻ്റ കച്ചവട തന്ത്രങ്ങൾ പലതും അറിയാത്തതു കൊണ്ടായിരിക്കും തൻ്റെ കലാപ്രവർത്തനങ്ങളുമായി അദ്ദേഹം തൃശ്ശൂരിൽ മാത്രം ഒതുങ്ങിക്കൂടിയത് .
2024 മെയ് 5-ന് തൻ്റെ ആദ്യഗാനത്തിലൂടെ തന്നെ കേരളത്തിൻ്റെ സംഗീത ഭൂമികയിൽ ഒരു
രത്നസിംഹാസനം തീർത്ത പ്രിയകവി എന്നന്നേക്കുമായി വിട പറഞ്ഞു. ഇന്ന് അദ്ദേഹത്തിൻ്റെ ഓർമ്മദിനം.
തൃശ്ശൂർ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതി സംഘടിപ്പിച്ച ജികെ പള്ളത്ത് സ്മൃതിയിൽ പങ്കെടുക്കാൻ കഴിഞ്ഞപ്പോഴാണ് ഈ കവിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്.
സാംസ്കാരിക കേരളത്തിന് തിലകക്കുറിയായി ഇത്തരം പ്രതിഭകളെ കണ്ടെത്തി ഓർമ്മപ്പെടുത്തുന്ന
ചേറൂർ സാഹിതിയുടെ സാരഥികളായ കെ ഉണ്ണികൃഷ്ണനും അപർണാ ബാലകൃഷ്ണനും ഈ സ്മൃതി സംഘടിപ്പിച്ചതിലൂടെ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
————————————————————————-
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക