സതീഷ് കുമാർ വിശാഖപട്ടണം
നിത്യജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് നന്ദി. ആരെങ്കിലും ഒരു സഹായമോ ഉപകാരമോ ചെയ്തുതന്നാൽ നന്ദി പറയുക എന്നത് മനുഷ്യൻ ആർജ്ജിച്ചിട്ടുള്ള സംസ്ക്കാരത്തിന്റെ ഭാഗമാണ്.
എന്നാൽ മനുഷ്യ ജീവിതത്തിന്റെ ആകെയുള്ള കണക്കെടുത്താൽ ആർക്കെല്ലാം നന്ദി പറയണമെന്നുള്ളത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ആ ചോദ്യത്തിന് വിപ്ലവാത്മകമായ ഒരു കാവ്യ പരിവേഷം നൽകിയത് കവിയും ഗാനരചയിതാവുമായ കോന്നിയൂർ ഭാസായിരുന്നു.
1992-ൽ പ്രദർശനത്തിനെത്തിയ “അഹം ” എന്ന മോഹൻലാൽ ചിത്രത്തിലാണ് സമൂഹ മന:സാക്ഷിയെ നടുക്കിയ ഒരു ഉശിരൻ ചോദ്യത്തോടെ ഈ ഗാനം പ്രത്യക്ഷപ്പെടുന്നത് …
” നന്ദിയാരോട് ഞാൻ
ചൊല്ലേണ്ടൂ…
ഭൂമിയിൽ
വന്നവതാരമെടുക്കു
വാനെനിക്കന്നു
പാതിമെയ്യായ പിതാവിനോ
പിന്നതിൽ
പാതിമെയ്യായ മാതാവിനോ
പിന്നെയും പത്തു മാസം
ചുമന്നെന്നെ ഞാനാക്കിയ
ഗർഭപാത്രത്തിനോ …?
https://youtu.be/nNuLDuPA31E?t=40
തത്ത്വചിന്താപരമായ ഗാനങ്ങളെഴുതി സംഗീത പ്രേമികളെ വിസ്മയിപ്പിച്ച വയലാറിന്റെ തൂലികയെ അനുസ്മരിപ്പിക്കുന്നതായിരുന്നു കോന്നിയൂർ ഭാസിന്റെ ഈ ഉജ്ജ്വലഗാനം …
ഗാനത്തിന്റെ അനുപല്ലവി നോക്കൂ …
“പൊട്ടിക്കരഞ്ഞുകൊണ്ടൂഴിയിലാദ് യമായി ഞാൻ പെറ്റുവീണ ശുഭമുഹൂർത്തത്തിനോ
രക്തബന്ധം മുറിച്ചന്യനായ്ത്തീരുവാൻ
ആദ്യം പഠിപ്പിച്ച പൊക്കിൾകൊടിയോടോ
നന്ദി ആരോടു ഞാൻ ചോല്ലേണ്ടു ….”
ഗാനം പുരോഗമിക്കുമ്പോൾ കവി ആസ്വാദകരെ വീണ്ടും വിസ്മയിപ്പിക്കുകയാണ് …
” മാഞ്ഞുപോകുന്നു ശിരോലിഖിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങൾക്കു
സ്വസ്തിയേകുന്നു ഞാൻ ..
നന്ദി ആരോടു ഞാൻ
ചോല്ലേണ്ടു …..”
അഹം എന്ന ചിത്രത്തിൽ സർവ്വസംഗപരിത്യാഗിയായ ഒരു സന്യാസിയുടെ സത്യാന്വേഷണയാത്രയുടെ പശ്ചാത്തലത്തിൽ അശരീരി പോലെയാണ് ഈ ഗാനം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
വരികളുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ രവീന്ദ്രൻ മാസ്റ്റർ നൽകിയ സംഗീതവും യേശുദാസിന്റെ മാസ്മരിക ആലാപനവും മോഹൻലാലിന്റെ ഭാവോജ്ജ്വലമായ പ്രകടനവും ഗാനത്തെ അവിസ്മരണീയമാക്കി.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ജനിച്ച ഭാസിന് ചലച്ചിത്രഗാനരചനാരംഗത്ത് അവസരം ഉണ്ടാക്കിക്കൊടുത്തത് ഡോക്ടർ ബാലകൃഷ്ണൻ ആയിരുന്നു.
അദ്ദേഹത്തിന്റെ ” ചന്ദനച്ചോല ” എന്ന ചിത്രത്തിലെ
” ലൗലി ഈവനിംഗ്
ലൗലി ഈവനിംഗ് “
എന്ന ഗാനത്തിലൂടെ ഭാസ് ഒരു ചലച്ചിത്രഗാനരചയിതാവായി മാറി. .
പിന്നീട് ” സിന്ദൂരം ” എന്ന ചിത്രത്തിലെ
“വൈശാഖയാമിനി
വിരുന്നു വന്നു …..”
എന്ന ഗാനവും ജനപ്രീതി നേടിയെടുത്തു…
“പ്രകൃതി പ്രഭാമയി
പ്രപഞ്ച സൗന്ദര്യം
ആവാഹിക്കും ….. “
(ഇതും ഒരു ജീവിതം )
“കൺമണി പൊൻമണിയേ കാർത്തിക പൊൻമണിയേ …
(കാര്യം നിസ്സാരം )
“മോഹം കൊണ്ടു ഞാൻ ദൂരെയേതോ ….. (ശേഷം കാഴ്ചയിൽ ……)
എന്നിങ്ങനെ ഭാസ് എഴുതിയ ഒട്ടുമിക്ക ഗാനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു.എന്നാൽ വിധി അദ്ദേഹത്തെ ജീവിക്കുവാൻ അനുവദിച്ചില്ല.
1996 ഡിസംബർ 2 ന് വെറും 45-ാമത്തെ വയസ്സിൽ കോന്നിയൂർ ഭാസ് ഈ ലോകത്തോട് വിട പറഞ്ഞു:
മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് മാഞ്ഞുപോയെങ്കിലും
പ്രിയ സുഹൃത്തേ ….
താങ്കളുടെ ഈ ഇരുപത്തിയേഴാം ചരമവാർഷികദിനത്തിൽ മലയാള നാടിന് ഒരിക്കലും മറക്കാൻ കഴിയാത്ത, മൂന്നര കോടി ജനങ്ങളുടെ ചിന്തകളെ തീ പിടിപ്പിച്ച ഒരു ഉജ്ജ്വല ഗാനം ഞങ്ങൾക്ക് നൽകിയതിൽ താങ്കൾക്ക് നന്ദി പറയാതിരിക്കാൻ കഴിയുന്നില്ല.
————————————————–
( സതീഷ് കുമാർ 9030758774 )
———————————————————-
Post Views: 232