മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈല്‍

 

വാഷിംഗ്ടൻ : ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ ‘A23a’ അന്‍റാര്‍ട്ടിക്കയില്‍നിന്നു നീങ്ങുന്നു .

1980 മുതല്‍ സമുദ്രത്തിലുള്ള മഞ്ഞുമല ദിവസവും മൂന്നു മൈല്‍ എന്ന തോതില്‍ ഒഴുകുന്നതായി ഗവേഷകര്‍ പറഞ്ഞു. ഇത് സ്വാഭാവിക ചലനമാണെന്നും കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നുമാണു വെളിപ്പെടുത്തല്‍.

A23a യുടെ വിസ്തീര്‍ണം 1,500 ചതുരശ്ര മൈല്‍ ആണ്. അതായത് വാഷിംഗ്ടണ്‍ ഡിസിയുടെ 20 ഇരട്ടിയിലധികം വലിപ്പം. 400 മീറ്ററിലേറെയാണ് കനം. വാഷിംഗ്ടണ്‍ സ്മാരകത്തിന്‍റെ ഉയരത്തിന്‍റെ ഇരട്ടിയിലേറെ കനം.

169.046 മീറ്റര്‍ ആണ് വാഷിംഗ്ടണ്‍ സ്മാരകത്തിന്‍റെ ഉയരം. ഏകദേശം ഒരു ട്രില്യണ്‍ മെട്രിക് ടണ്‍ ആണ് ഇതിന്‍റെ ഭാരം. അപ്പോള്‍ത്തന്നെ മഞ്ഞുമലയുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളു.

1986 ഓഗസ്റ്റിലാണ് A23a മഞ്ഞുമല അന്‍റാര്‍ട്ടിക്കയില്‍നിന്നു വേര്‍പെട്ടത്. പിന്നീട് അന്‍റാര്‍ട്ടിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള തെക്കൻ സമുദ്രത്തിന്‍റെ ഭാഗമായ വെഡല്‍ കടലില്‍ തടഞ്ഞു നിൽക്കുകയായിരുന്നു

ഇത്തരം വലിയ മഞ്ഞുമലകള്‍ അന്‍റാര്‍ട്ടിക്കയില്‍നിന്ന് ദശാബ്ദത്തിലൊരിക്കല്‍ പൊട്ടിത്തെറിക്കാറുണ്ട്. ചിലപ്പോള്‍, അന്‍റാര്‍ട്ടിക്കയിലെ തണുത്ത ജലത്തില്‍ കുടുങ്ങുന്നു. അതുമൂലം മഞ്ഞുമലകള്‍ ഉരുകാറില്ല.

വലിയ മഞ്ഞുമലകള്‍ക്ക് പതിറ്റാണ്ടുകളോളം ഒരിടത്തുതന്നെ കിടക്കാൻ കഴിയും, പക്ഷേ കുറച്ചുകാലം കഴിയുമ്പോൾ മഞ്ഞുമലകള്‍ ഉരുകാൻ തുടങ്ങിയേക്കാം. A23a എന്ന മഞ്ഞുമല മനുഷ്യരാശിക്ക് അപായകരമല്ല.

വന്യജീവികള്‍ക്കു പ്രശ്‌നമായിത്തീരാം. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുനിന്ന് ആയിരം മൈലിലധികം കിഴക്കായി സ്ഥിതി ചെയ്യുന്ന തെക്കൻ ജോര്‍ജിയ ദ്വീപില്‍ മഞ്ഞുമല അവസാനിക്കും.

അവിടെ, അത് സീലുകള്‍, പെൻഗ്വിനുകള്‍, മറ്റ് കടല്‍പ്പക്ഷികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍ ഭയപ്പെടുന്നു.