ബെംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വിണയുടെ കമ്പനിയായ എക്സാലോജിക്കിന് എ
തിരായ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
ഇനി വീണയ്ക്ക് സുപ്രിംകോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കാം. ബെംഗളൂരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഒററവരി വിധി പുറപ്പെടുവിച്ചത്. അറസ്ററ് ചെയ്യാനുള്ള അധികാരമുള്ള ഏജൻസിയാണ് എസ്.എഫ്.ഐ.ഒ .
കരിനിയമമായി ഉപയോഗിക്കുന്നു എന്നായിരുന്നു എക്‌സാലോജിക്കിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം അനിവാര്യമായി വരിക.
രണ്ട് കമ്പനികള്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം നടത്തിയതിന് എസ്.എഫ്.ഐ.ഒ അന്വേഷണം ഉചിതമല്ലെന്നായിരുന്നു എക്സാലോജിക്കിന്റെ വാദം. വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി. ദത്തറാണ് ഹാജരായത്.
വിശദമായ അന്വേഷണത്തിനാണ് എസ്.എഫ്.ഐ.ഒ അന്വേഷണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.അധികാര ദുര്‍വിനിയോഗ സാധ്യത പരിശോധിക്കാന്‍ ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.
ചില സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ് എന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ വാദം. എക്സാലോജിക്ക് ഗുരുതര നിയമലംഘനം നടത്തിയെന്ന ഇടക്കാല തല്‍സ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ അന്വേഷണം.
എക്സാലോജികും ആലുവയിലെ കരിമണൽ കമ്പനിയായ സി.എം.ആര്‍.എലും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ്. ഇതിലാണ് അന്വേഷണം. രാഷ്ട്രീയ നേതാക്കള്‍ 135 കോടി രൂപ വാങ്ങിയെന്നാണ് മൊഴി.
അതിനാൽ കേസില്‍ പൊതുതാല്‍പര്യം ഉള്‍പ്പെടുമെന്നുമാണ് എസ്.എഫ്.ഐ.ഒയുടെ വാദം. കേസിലെ അന്വേഷണത്തോട് എക്സാലോജിക്കിന് എതിര്‍പ്പില്ല. എസ്.എഫ്.ഐ.ഒ അന്വേഷണത്തോട് മാത്രമാണ് എതിര്‍പ്പ്.
കമ്പനി നിയമത്തിലെ 212 വകുപ്പനുസരിച്ച് എക്സാലോജികില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്.