സ്പീക്കർ ഷംസീർ പ്രസ്താവന തിരുത്തണം

കൊച്ചി : സ്പീക്കർ എന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന എ എം ഷംസീറിനെപ്പോലുള്ളവർ മതപരമായ കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിർദേശിച്ചു.

ശാസ്ത്രവും മിത്തും കൂട്ടിക്കലര്‍ത്തി സ്പീക്കര്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുന്നതാണ്. ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് പോയെന്നും വ്യക്തിപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിച്ചതായും സതീശന്‍ അഭിപ്രായപ്പെട്ടു.

മതപരമായ കാര്യങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതില്ല. ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഈ വിഷയം തണുപ്പിക്കാൻ സിപിഎമ്മും സ്‌പീക്കറും കൃത്യമായ നടപടികൾ എടുക്കണം

“ഓരോ വ്യക്തിയുടെയും വിശ്വാസങ്ങളും നിലപാടുകളും വ്യക്തി സ്വാതന്ത്ര്യമാണ്. ഇതിലേക്ക് സർക്കാരോ കോടതിയോ ഇടപെടേണ്ടതില്ലെന്നാണ് കോൺഗ്രസ്സിന്റെ നിലപാട്. ബിജെപിയും ആർഎസ്എസും സ്‌പീക്കറുടെ പരാമർശം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. വർഗീയവാദികളുടെ അതേ രീതികളാണ് സിപിഎമ്മും വിഷയത്തിൽ കൈക്കൊണ്ടത്.

എരിതീയിൽ എണ്ണയൊഴിക്കണ്ടെന്ന് കരുതിയാണ് വിഷയത്തിൽ കോൺഗ്രസ് സംസാരിക്കാതെ ഇരുന്നതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ താല്പര്യമില്ലെന്നും സതീശൻ വ്യക്തമാക്കി.

സ്പീക്കർ അനാവശ്യമായി നടത്തിയ പ്രസ്താവനയാണ് ഇന്ന് കേരളത്തിൽ വലിയ വിവാദമുണ്ടാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. സ്പീക്കർ സ്ഥാനത്തിരിക്കുന്ന വ്യക്തി യാതൊരു രാഷ്ട്രീയ പരാമർശങ്ങളും നടത്താൻ പാടില്ലാത്തതാണ്.

ഇവിടെ സ്‌പീക്കർ ശാസ്ത്രവും വിശ്വാസവും തമ്മിൽ താരതമ്യം ചെയ്യാൻ പാടില്ലായിരുന്നു. സ്പീക്കർ നിലപാട് തിരുത്തുക എന്നല്ലാതെ മറ്റൊന്നും മുൻപിൽ ഇല്ലെന്നും സ്പീക്കറെ തിരുത്താൻ സിപിഎം തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ നിലപാട് തെറ്റായി എന്ന് ബോധ്യപ്പെട്ടിട്ടും അവർ തന്നെയാണ് ഇപ്പോൾ വീണ്ടും വിശ്വാസത്തെ ചോദ്യം ചെയ്യുന്നത്. എന്നാൽ, ബിജെപി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും രമേശ് അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News