ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : പാവങ്ങൾക്ക് പാർപ്പിടം ഒരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി രണ്ട് മാസത്തെ ഇടക്കാല മെഡിക്കൽ ജാമ്യം അനുവദിച്ചു.

ചികിത്സ ആവശ്യം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ വീടുകൾ നിർമിച്ചുനൽകാൻ യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന നൽകിയ ഫണ്ടിൽ നിന്ന് 4.5 കോടി രൂപ ശിവശങ്കർ ഉൾപ്പെടെയുള്ള പ്രതികൾ കമ്മീഷനായി കൈപ്പറ്റിയെന്നും ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നുമാണ് ശിവശങ്കറിനെതിരായ കേസ്.

നേരത്തെ ഹൈകോടതിയിൽ നൽകിയ ഇടക്കാല ജാമ്യ ഹർജി പിൻവലിച്ചാണ് ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചത്. വലതുകാൽ മുട്ടിലെ ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി നൽകിയ ഹർജിയാണ് പരിഗണനയ്ക്കിടെ പിൻവലിച്ചത്.
ഇത്തരമൊരു ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിലെ നിയമ പ്രശ്നം ജസ്റ്റിസ് എ ബദറുദ്ദീൻ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകൻ ഹർജി പിൻവലിക്കാൻ അനുമതി തേടിയത്.

ഫെബ്രുവരി 14ന് അറസ്റ്റിലായ ശിവശങ്കർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യ ഹർജി വിചാരണ കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. തുടർന്ന് ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വേനലവധിക്ക് തൊട്ടുമുൻപായിരുന്നു പരിഗണനയ്ക്കെത്തിയത്. ഹർജിയിൽ തീരുമാനം വൈകുന്നതിനാൽ

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. വിചാരണ കോടതി ഈ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടതെന്ന നിയമ പ്രശ്നമാണ് സിംഗിൾ ബെഞ്ച് അന്ന് ഉന്നയിച്ചത്. സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സ പ്രതി സ്വീകരിക്കാത്തത് സംശയകരമാണെന്നതടക്കം ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നൽകുന്നതിനെ ഇഡിയും ശക്തമായി എതിർത്തിരുന്നു. ഇതോടെയാണ് ഹർജി പിൻവലിക്കാൻ ശിവശങ്കർ അനുമതി തേടിയത്.

കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു ഇ ഡി കേസെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News