സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ്

കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച്,  സിനിമ നടനും ബി ജെ പിയുടെ മുൻ എം പിയുമായ സുരേഷ് ഗോപിയുയുടെ പേരിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു.

മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ യാണ് പോലീസിൻ്റെ ഈ നീക്കം. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്.

സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു പരാതിക്കാരിയുടെ മൊഴിയടക്കം ഇനി പോലീസ് രേഖപ്പെടുത്തും.

നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു. ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവേയാണു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയും ചെയ്തത്.

ഈ വിഷയത്തിൽ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 31നു കോട്ടയത്ത്‌ പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലെന്നും വിഷയത്തെ ഗൗരവമായാണു വനിത കമ്മിഷൻ കാണുന്നതെന്നും സതീദേവി വ്യക്തമാക്കി.