സിനിമയെ തകർക്കാൻ റിവ്യൂ ; ആദ്യ കേസ് എറണാകുളത്ത്

In Featured, Special Story
October 29, 2023

കൊച്ചി : സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്.

ഭീഷണി, ബ്ലാക്മെയിൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഫിലിം റിവ്യൂകൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാകും. ഓൺലൈൻവഴി ശല്യപ്പെടുത്തൽ, അധിക്ഷേപിക്കുന്ന പെരുമാറ്റം തുടങ്ങിയവ റിവ്യൂവിലുണ്ടെങ്കിൽ ഐപിസി, ഐടി നിയമം എന്നിവ പ്രകാരം കേസെടുക്കാനാവും.


സ്നേക്ക് പ്ലാന്റ് സിനിമാ പ്രമോഷൻ കമ്പനി ഉടമ ഹെയ്ൻസ്, അനൂപ് അനു ഫെയ്സ്ബുക് അക്കൗണ്ട്, അരുൺ തരംഗ, എൻവി ഫോക്കസ്, ട്രെൻഡ് സെക്ടർ 24×7, അശ്വന്ത് കോക്, ട്രാവലിങ് സോൾമേറ്റ്സ് എന്നീ യൂട്യൂബർമാർ 7 വരെ പ്രതികളും യുട്യൂബ്, ഫെയ്സ്ബുക് എന്നിവ എട്ടും ഒൻപതും പ്രതികളുമാണ്. റിലീസിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മോശം റിവ്യൂവും കമന്റുമിട്ടതിനാണു നടപടി.


ഇതിനിടെ, ദുരുദ്ദേശ്യത്തോടെയുള്ള ഫിലിം റിവ്യൂകൾ പ്രചരിക്കാതിരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ നിരീക്ഷണം കൂടുതൽ സൂക്ഷ്മമാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. റിലീസിങ് ദിവസം തിയറ്ററുകൾ കേന്ദ്രീകരിച്ച് നെഗറ്റീവ് റിവ്യൂ നടത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ‘ആരോമലിന്റെ ആദ്യപ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് ഉൾപ്പെടെ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോൾ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ നൽകി.

വ്യക്തികളുടെ സൽകീർത്തിക്കു ഹാനി വരുത്തുന്ന വ്യാജ പ്രസ്താവനകൾ റിവ്യൂവിലുണ്ടെങ്കിൽ അപകീർത്തിക്കു ക്രിമിനൽ കേസെടുക്കുമെന്നു ഡിജിപി ഹൈക്കോടതിയിൽ നൽകിയ പ്രോട്ടോക്കോളിൽ വ്യക്തമാക്കി. എന്നാൽ വസ്തുതകളും യുക്തിപരമായ വ്യാഖ്യാനങ്ങളും അടിസ്ഥാനമാക്കിയാണ് റിവ്യൂ, വിമർശനം എന്നിവയെങ്കിൽ അതിനു സംരക്ഷണമുണ്ടാകും.പൊലീസ് നടപടി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കരുത് എന്നതുൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥനു മാർഗനിർദേശങ്ങളും പ്രോട്ടോക്കോളിലുണ്ട്.