പിണറായിയും ബി ജെ പിയും ഒത്തുകളിക്കുന്നു: പ്രിയങ്ക ഗാന്ധി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ബി ജെ പിയുമായി ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

മുഖ്യമന്ത്രിയുടേത് ഒത്തുകളി രാഷ്ട്രീയമാണ്. ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് കേസുകളില്‍ പിണറായി വിജയനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തില്ല. കൊടകര കള്ളപ്പണ കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന്റെ പേര് കേട്ടിരുന്നു.ആ കേസില്‍ മുഖ്യമന്ത്രി, കെ സുരേന്ദ്രനെതിരെ നടപടിയെടുത്തില്ല.

മുഖ്യമന്ത്രി ആകെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിനേയും എന്റെ സഹോദരൻ രാഹുൽ ഗാന്ധിയെയും മാത്രമാണ്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നയാളാണ് എന്റെ സഹോദരന്‍. ആ രാഹുലിന് എതിരെയാണ് പിണറായി വിജയന്‍ എപ്പോഴും സംസാരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ബിജെപിയ്‌ക്കെതിരെ സംസാരിക്കാറില്ലെന്ന് പ്രിയങ്ക ആരോപിച്ചു. എപ്പോഴും വിട്ടുവീഴ്ച ചെയ്യുന്ന കളിക്കാരന് ഫുട്‌ബോള്‍ മാച്ച് ജയിക്കാനാകില്ല. വിട്ടുവീഴ്ച ചെയ്യുന്ന കളിക്കാരനാണ് മുഖ്യമന്ത്രി. കേരളത്തില്‍ മൂന്നില്‍ ഒരു യുവതിക്കോ യുവാവിനെ ജോലിയില്ല .സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കെതിരെ കേന്ദ്രവും സംസ്ഥാനവും സംരക്ഷിക്കുന്നു .വാളയാര്‍ പാലത്തായി വണ്ടിപ്പെരിയാര്‍ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.