പിണറായി വിജയനോടും കുടുംബത്തോടും മൃദു സമീപനമില്ല: മോദി

ന്യൂഡൽഹി : കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും കേന്ദ്ര സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി.

എഷ്യാനെററ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും മോദി നയം വ്യക്തമാക്കി.

കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന് ആരോഗ്യ മേഖലയിലെ പദ്ധതിക്ക് പേരിട്ടപ്പോള്‍ മന്ദിര്‍ എന്ന് പേര് വയ്ക്കില്ലെന്ന് കേരളം വാശി പിടിച്ചതും മോദി ചൂണ്ടിക്കാട്ടി. മന്ദിര്‍ എന്ന പേരില്‍ എന്താണ് പ്രശ്‌നമെന്നും അമ്പലം എന്ന അര്‍ത്ഥത്തിലല്ല മന്ദിര്‍ എന്ന പേര് വച്ചതെന്നും ഗുജറാത്തിലൊക്കെ കോടതിക്ക് ന്യായ് മന്ദിര്‍ എന്നും സ്‌കൂളുകള്‍ക്ക് ബാല്‍ മന്ദിര്‍ എന്നുമാണ് പറയുന്നതെന്നും മോദി പറഞ്ഞു. ഇത്തരത്തില്‍ വെറുപ്പ് വ്യാപിപ്പിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.