ഇഡി കേസെടുത്തവരിൽ മൂന്ന് ശതമാനം മാത്രം രാഷ്ടീയക്കാർ : മോദി

ന്യൂഡൽഹി: സി ബി ഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു എന്നാരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചു.

ട്രെയിനില്‍ ഒരു ടിക്കറ്റ് പരിശോധകനോട് നിങ്ങളെന്തിനാണ് ടിക്കറ്റ് പരിശോധിക്കുന്നത് എന്ന ചോദിക്കുന്നത് യുക്തിഹീനമല്ലേ. യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുക എന്നത് ടിക്കറ്റ് ചെക്കറുടെ ചുമതലയാണ്. ഇതുപോലെ തന്നെയാണ് ഇഡി പ്രവര്‍ത്തിക്കുന്നതും.’- അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

ഇരു ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇഡി എന്തുതരം ജോലിയാണ് ചെയ്തത് എന്ന് നോക്കൂ. സര്‍ക്കാര്‍ വൃത്തങ്ങളോ മാഫിയകളോ എന്ന വിവേചനമില്ലാതെ അഴിമതിക്കെതിരെ നിരവധി കേസുകള്‍ എടുത്തു.

ഇഡി കേസ് എടുത്തവരില്‍ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമായി ബന്ധപ്പെട്ടത്. മറ്റ് മേഖലകളിലുള്ളവര്‍ക്കെതിരെയാണ് 97 ശതമാനം കേസുകളും. എത്രയോ ഓഫീസര്‍മാര്‍ ജയിലില്‍ കിടക്കുന്നു. എത്രയോ ഓഫീസര്‍മാര്‍ക്ക് ജോലി പോയി. അതിനെ കുറിച്ച് ആരും പരാമര്‍ശിക്കാറില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്’ എന്നും പ്രധാനമന്ത്രി പറഞ്ഞു.

‘2014-ന് മുമ്പ് ഇഡി 1800 കേസുകളില്‍ താഴെ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. ഇഡി അക്കാലത്ത് ഉറങ്ങുകയായിരുന്നു. 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5000-ലധികം കേസുകള്‍ ഇഡി എടുത്തത് അവരുടെ പ്രവര്‍ത്തന കാര്യക്ഷമത വ്യക്തമാക്കുന്നുണ്ട്. 2014-ന് മുമ്പ് 84 പരിശോധനകള്‍ മാത്രമാണ് നടന്നത് എങ്കില്‍ 2014ന് ശേഷം പരിശോധനകള്‍ 7000 ആയി ഉയര്‍ന്നു. 2014-ന് മുമ്പ് 5000 കോടി രൂപ മൂല്യമുള്ള വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയതെങ്കില്‍ 2014-ന് ശേഷം ഇത് 1.25 ലക്ഷം കോടിയായി ഉയര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.