കോൺഗ്രസിനു നേട്ടം പ്രവചിച്ച് സർവേഫലം

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർവേ ഫലങ്ങൾ പുറത്തുവരുന്നു.

കോൺഗ്രസ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരും. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലെത്തും. ഛത്തിസ്ഗഡിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കും.തെലങ്കാനയിൽ കോൺഗ്രസ് മുന്നേററം നടത്തും – മനോരമ ന്യൂസ് – വിഎംആർ പ്രീപോൾ സർവേ ആണ് ഇക്കാര്യം പ്രവചിക്കുന്നത്.

തെലങ്കാനയിലും മിസോറമിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിlയായേക്കുമെന്നും സർവേഫലം പറയുന്നു.മിസോറമിലും തെലങ്കാനയിലും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.

മിസോറമിൽ ഇത്തവണ ആർക്കും കേവലഭൂരിഭക്ഷമുണ്ടാവില്ലെന്നാണ് സർവേഫലം. കോൺഗ്രസിനു സീറ്റുനിലയിൽ നേരിയ മുൻതൂക്കവും പ്രവചിക്കപ്പെടുന്നു. 12 മുതൽ 16 വരെ സീറ്റുകൾ പാർട്ടി നേടിയേക്കാം.കഴിഞ്ഞ തവണ നാലു സീറ്റാണ് കോൺഗ്രസിനുണ്ടായിരുന്നത്.

രാജസ്ഥാനിൽ കോൺഗ്രസിനെ വീഴ്ത്തി ബിജെപി ഭരണം പിടിക്കും. 200 അംഗ നിയമസഭയിൽ 110 മുതൽ 118 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് സർവേ പറയുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് 67 മുതൽ 75 വരെ സീറ്റുകളിലേക്ക് ഒതുങ്ങും.ഭരണവിരുദ്ധ വികാരം സർക്കാരിനെ വീഴ്ത്തുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

90 സീറ്റുകളുള്ള ഛത്തിസ്ഗഡ് നിയമസഭയിൽ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച 68 സീറ്റ് എന്ന നിലയിൽനിന്ന് ഇത്തവണ 53 മുതൽ 58 വരെ സീറ്റിലേക്കു ചുരുങ്ങുമെന്നും സർവേ പറയുന്നു. കർഷകക്ഷേമ പദ്ധതികളുടെ ബലത്തിൽ അധികാരത്തിൽ തുടരാമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെയും കോൺഗ്രസിന്റെയും പ്രതീക്ഷ.

തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസിന് തകർച്ച പ്രവചിക്കുന്ന സർവേ, കോൺഗ്രസ് മുന്നേറ്റമാണ് കാണിക്കുന്നത്.119 സീറ്റുകളുള്ള നിയമസഭയിൽ 52 മുതൽ 58 വരെ സീറ്റുകൾ പാർട്ടി നേടുമെന്നാണ് സർ‌വേ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 19 സീറ്റ് എന്ന നിലയിൽനിന്ന് കോൺഗ്രസിനു മുന്നേറ്റമുണ്ടാകും.

ബിആർഎസ് ഇത്തവണ 47 മുതൽ 52 വരെ സീറ്റു മാത്രമാണ് നേടുകയെന്നും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 88 സീറ്റ് നേടിയാണ് ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് അധികാരം നിലനിർത്തിയത്.

മധ്യപ്രദേശിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. 230 അംഗനിയമസഭയിൽ 120 മുതൽ 130 വരെ സീറ്റുകളാണ് കോൺഗ്രസിനു പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 114 സീറ്റായിരുന്നു കോൺഗ്രസ് നേടിയത്.

ബിജെപി ഇത്തവണ 95 മുതൽ 105 വരെ സീറ്റുകൾ നേടിയേക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‌ 109 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. 22 പേരെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കുകയായിരുന്നു ബി ജെ പി.