മലയാളത്തില്‍ മറുപടി നല്‍കും: ചാറ്റ് ബോട്ട് ‘കൃത്രിം’

ന്യൂഡൽഹി: മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷകളും ശൈലികളും മനഃപ്പാഠമായ ഇന്ത്യയുടെ ചാറ്റ് ബോട്ട്
‘കൃത്രിം’ജനുവരിയിൽ എത്തുന്നു.

ആ‌ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ വിവിധ ഭാഷകളില്‍ ആശയ വിനിമയത്തിലും ഉള്ളടക്ക രചനയിലും വിപ്ലവം സൃഷ്ടിച്ച ചാറ്റ്ബോട്ട് പ്രോഗ്രാം ‘ചാറ്റ് ജി.പി.ടി’ക്ക് ബദലാണ് ‘കൃത്രിം’.

ഇലക്‌ട്രിക്ക് വാഹന നിര്‍മ്മാണ കമ്ബനി ഓല ആണ് രാജ്യത്തെ ആദ്യ ചാറ്റ് ബോട്ട് അവതരിപ്പിക്കുന്നത്.
ഒരു വര്‍ഷം കൊണ്ടാണ് ഇത് വികസിപ്പിച്ചത്.ജനുവരിയോടെ സേവനം ലഭ്യമാകുമെന്ന് ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

അമേരിക്കയിലെ ഓപ്പണ്‍ എ.ഐ നിര്‍മ്മിച്ച ചാറ്റ് ജി.പി.ടിക്ക് വിദേശഭാഷകള്‍ മാത്രമേ മനസിലാകൂ. കൃതിം മലയാളം ഉള്‍പ്പെടെ ഉള്ള പ്രാദേശിക ഭാഷകളും കൈകാര്യം ചെയ്യും.

മെയില്‍ ഐ.ഡിയുള്ള ആര്‍ക്കും ഉപയോഗിക്കാം. ചാറ്റ്ബോട്ട് വിൻഡോയില്‍ ചോദ്യങ്ങളും തുടര്‍ ചോദ്യങ്ങളും ടൈപ്പ് ചെയ്ത് ചോദിക്കാം. ക്രിയാത്മകമായി മറുപടി നല്‍കും – ടെക്സ്റ്റായും സംസാരമായും ചിത്രങ്ങളായും.

ഐ.ടി കമ്ബനികള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സേവനം സഹായകമാകും. . പ്രോജക്‌ട് പ്ലാനുകള്‍ തയ്യാറാക്കാനും വിവിധ ഭാഷകളില്‍ മെയില്‍, ലേഖനങ്ങള്‍ തുടങ്ങിയവ എഴുതാനും സാധിക്കും. ഒരു വര്‍ഷം മുമ്ബാണ് ചാറ്റ് ജി.പി.ടി തരംഗമായത്. ചാറ്റ് ജി.പി.ടിയെ വെല്ലാൻ ഗൂഗിള്‍ ‘ബാര്‍ഡ്’ എന്ന ചാറ്റ്ബോട്ട് ഇറക്കിയിരുന്നു.

കൃത്രിമിനു ഇംഗ്ലീഷിന് പുറമേ 22 ഇന്ത്യൻ ഭാഷകളും മനസിലാകും. പത്ത് ഇന്ത്യൻ ഭാഷകളില്‍ ടെക്സ്റ്റ് മറുപടി നല്‍കും. ഇന്ത്യൻ സംസ്‌കാരം, ചരിത്രം, പ്രമുഖവ്യക്തികള്‍, പുസ്തകങ്ങള്‍ എന്നിവയെക്കുറിച്ചും നല്ല ധാരണയുണ്ട് എന്നതാണ് വേറൊരു പ്രത്യേകത.

—————————————-