സ്മൃതി ഇറാനി ചരിത്രം മനസ്സിലാക്കണം…

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രാഷ്ടീയ നിരീക്ഷകയായ സുധ മേനോന്‍.

അവരുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു :

ഇന്നേ ദിവസം കോണ്‍ഗ്രസിനോട് ക്വിറ്റ് ഇന്ത്യാ എന്ന് വിളിച്ചു പറഞ്ഞ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ഒന്ന് ചോദിച്ചോട്ടെ:
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും അടക്കമുള്ള നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍, സ്മൃതി ഇറാനിയുടെ പാര്‍ട്ടിയുടെ മുന്‍ തലമുറയായ ഹിന്ദു മഹാസഭ, സാക്ഷാല്‍ ജിന്നയുടെ മുസ്ലിം ലീഗുമായി ചേര്‍ന്ന് സിന്ധിലും, വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും അധികാരം പങ്കിടുകയായിരുന്നു നിങ്ങള്‍ക്ക് എന്നറിയാമോ? 1943ല്‍ സിന്ധ് പ്രവിശ്യ പാകിസ്ഥാന്‍ പ്രമേയം പാസാക്കിയപ്പോഴും, ഒറ്റുകാരായ മഹാസഭ പിന്തുണ പിന്‍വലിക്കുകയോ രാജിവെക്കുകയോ ചെയ്തില്ല എന്ന് അറിയാമോ?

മാത്രമല്ല,നിങ്ങളുടെ ആരാധ്യ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി,1941ല്‍ ബംഗാളിലെ ഫസലുള്‍ ഹഖ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആയിരുന്നു. അതെ, പാകിസ്ഥാന് വേണ്ടിയുള്ള ലീഗിന്റെ ലാഹോര്‍ പ്രമേയം അവതരിപ്പിച്ച സാക്ഷാല്‍ ഫസലുള്‍ ഹഖിന്റെ മന്ത്രിസഭയില്‍! സവര്‍ക്കറുടെ അന്നത്തെ കത്തുകള്‍ എല്ലാം ഇപ്പോഴും ആര്‍കൈവുകളില്‍ ഉണ്ടെന്നു മറക്കരുത്. ഒറ്റിന്റെ മായാത്ത തെളിവായി!

രാജ്യം കത്തിയെരിഞ്ഞ ക്വിറ്റ് ഇന്ത്യാ സമരവേളയില്‍, ഒരു വശത്ത് കടുത്ത മുസ്ലിം വിരുദ്ധ വര്‍ഗീയ വികാരം ഉയര്‍ത്തുകയും, മറു വശത്തു കൂടി മുസ്ലിം ലീഗുമായി അധികാരം പങ്കിടുകയും ചെയ്ത നിങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് ക്വിറ്റ് ഇന്ത്യാ എന്ന് പറയാന്‍ യാതൊരു ധാര്‍മിക അവകാശവുമില്ല. ഇന്ത്യാചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തില്‍ ജിന്നയുമായി കൂട്ടുകൂടിയ ഹിന്ദു മഹാസഭയുടെയും സവര്‍ക്കറുടെയും അനുയായികള്‍ ആണ് നിങ്ങള്‍.

അതുകൊണ്ട് മാഡം, ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ രക്തം വീണ് രാജ്യം ചുവന്നു പോയ ഈ ആഗസ്ത് ഒന്‍പതിന്, അവരുടെ പിന്‍മുറക്കാരോട് ‘ക്വിറ്റ് ഇന്ത്യാ’ എന്ന് പറയും മുന്‍പ് ഇന്ത്യാ ചരിത്രത്തിന്റെ ബാലപാഠം എങ്കിലും അറിയാന്‍ ശ്രമിക്കൂ. 138 കൊല്ലത്തെ നീണ്ട ചരിത്രത്തില്‍ എവിടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഈ മഹാരാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും ഒറ്റുകൊടുത്തിട്ടില്ല എന്ന് നെഞ്ചില്‍ കൈ വെച്ചു കൊണ്ട് പതറാതെ എനിക്ക് പറയാന്‍ കഴിയും.. നിങ്ങള്‍ക്ക് അതിന് കഴിയില്ല, മാഡം.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News