ജി 20 ഉച്ചകോടി; കുരങ്ങു ശല്യം ഒഴിവാക്കാൻ വിദ്യ

ഡൽഹി: ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട വേദികളിൽ നിന്ന് കുരങ്ങുകളെ തുരത്താൻ ഹനുമാൻ കുരങ്ങുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ച് സംഘാടകർ. ഹനുമാൻ കുരങ്ങിന്റെ ശബ്ദം അനുകരിക്കാൻ കഴിയുന്നവരുടെ സഹായവും തേടുന്നുണ്ട്. കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളിൽ വേദികൾ ഒരുക്കിയതോടെയാണ് സംഘാടകർ പുലിവാൽ പിടിച്ചത്. ഡൽഹി നഗരത്തിൽ പലയിടത്തും കുരങ്ങുകൾ പ്രശ്നക്കാരാണ്.

കുരങ്ങുകളെ ഭയപ്പെടുത്തുന്നതിന് ചാരനിറത്തിലുള്ള ഹനുമാൻ കുരങ്ങിന്റെ വലിയ കട്ടൗട്ടുകളാണ് സ്ഥാപിച്ചത്. വേദികളിൽ കുരങ്ങ് മറ്റുള്ളവരെ ശല്യപ്പെടുത്തതിരിക്കാനും സംഘാടകർ ശ്രദ്ധിക്കുന്നുണ്ട്.

മുൻപ് ഈ ഇടങ്ങളിൽ കുരങ്ങുകൾ ജനങ്ങളെ ഉപദ്രവിക്കുകയും സാധനങ്ങൾ തട്ടിയെടുക്കുകയും ചെയ്യാറുണ്ടെന്ന് പരാതികൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഉച്ചകോടിക്കായി വിദേശത്ത് നിന്നടക്കം പ്രതിനിധികൾ വരുമ്പോൾ കുരങ്ങുകൾ അവരെ ശല്യം ചെയ്യാതിരിക്കാനാണ് ഈ കട്ടൗട്ട് വിദ്യ.

നഗരത്തിലെ പലയിടങ്ങളിലും കട്ടൗട്ടുകൾ ഉയർത്തിയിട്ടുണ്ട്. 2010ൽ കോമൺവെൽത്ത് ഗെയിംസിന്റെ സമയത്തും ഈ മാര്‍ഗം പരീക്ഷിച്ചിരുന്നു. ഇതോടൊപ്പം വനാതിർത്തികളിൽ നിന്ന് കുരങ്ങുകൾ പുറത്തേക്ക് അലഞ്ഞ് തിരിയുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ അവിടെ ഭക്ഷണം നൽകാനും തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News