പിണറായി പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് വൻ ലീഡ്

കോട്ടയം: പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വൻ ലീഡ്. മുന്നൂറിൽപ്പരം വോട്ടുകളുടെ ലീഡാണ് ഈ ബൂത്തുകളിൽ യു ഡി എഫ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകൾ പോലും ജെയ്‌കിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാൻ. എൽ ഡി എഫ് ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന മണർകാട് പഞ്ചായത്തിൽ ലീഡ് ഉയർത്താൻ ജെയ്ക്കിനായില്ല. ഈ പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലും ചാണ്ടി ഉമ്മനാണ് ലീഡ്.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തുടങ്ങിയ ലീഡ് ചാണ്ടി ഉമ്മൻ അതിവേഗം ഉയർത്തുകയായിരുന്നു. ഒരിക്കൽപ്പോലും ചാണ്ടി ഉമ്മന്റെ ലീഡിന് അടുത്തെത്താൻ പോലും ജെയ്ക്കിനായില്ല. ബി ജെ പി ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ തവണത്തേക്കാൻ വോട്ടുനില കുറഞ്ഞാൽ വോട്ട് യു ഡി എഫിന് വിറ്റുവെന്ന ആരോപണം ബി ജെ പി കേൾക്കേണ്ടി വരും. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി എൽ ഡി എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

അതേസമയം, ചാണ്ടി ഉമ്മന്റെ ലീഡ് നാൽപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേടിയ റെക്കാഡ് ഭൂരിപക്ഷത്തെയും മകൻ ചാണ്ടി ഉമ്മൻ മറികടന്നു. 2011 തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News