ചന്ദ്രബാബു നായിഡു അഴിമതിക്കേസില്‍ അറസ്റ്റിൽ

In Featured
September 09, 2023

വിശാഖപട്ടണം: ആന്ധ്രാ മൂന്‍ മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. മകന്‍ നാരാ ലോകേഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജാമ്യമില്ലാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ന് പുലര്‍ച്ചെ നന്ദ്യാല്‍ പോലീസായിരുന്നു അറസ്റ്റ് ചെയ്തത്.

2014 ല്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആന്ധ്രാ മാനവ വിഭവശേഷി പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയെന്ന കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന് ഹാജരാകാന്‍ പല തവണ കത്ത് നല്‍കിയിട്ടും പ്രതികരിക്കാതെ വന്നതോടെയാണ് അറസ്റ്റ് വേണ്ടി വന്നത്. 3300 േകാടിയുടെ പദ്ധതിയുടെ മറവില്‍ 340 കോടി സ്വകാര്യകമ്പനികയ്ക്ക് രേഖകളില്ലാതെ നല്‍കിയെന്നാണ് ആക്ഷേപം. സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് സെന്ററുകള്‍ തുടങ്ങുവാനുള്ള പദ്ധതിയില്‍ കഴിഞ്ഞ കഴിഞ്ഞ എട്ടു വര്‍ഷമായി ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്.

അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. മകന്‍ നാരാ ലോകേഷിനെയും കസ്റ്റഡിയില്‍ എടുത്തെങ്കിലും അദ്ദേഹം പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. കുറ്റാന്വേഷണ വകുപ്പും ഡിഐജി രഘുരാമി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എത്തിയാണ് അറസ്റ്റ്.

പുലര്‍ച്ചെ മൂന്ന് മണിക്ക് നഗരത്തിലെ നായ്ഡുവിന്റെ ആര്‍കെ ഫംഗ്ഷന്‍ ഹാളില്‍ പോലീസ് സംഘം എത്തുമ്പോള്‍ നായ്ഡു കാരാവാനില്‍ വിശ്രമത്തിലായിരുന്നു. എത്തിയ വലിയ പോലീസ് സംഘം ടിഡിപി പ്രവര്‍ത്തകരെ ചെറുത്തു. തുടര്‍ന്ന് പോലീസിനെ എസ് പി ജി ഗ്രൂപ്പും ചെറുത്തു. എന്നാല്‍ ആറു മണിയോടെ പോലീസ് നായ്ഡുവിന്റെ വാഹനത്തില്‍ നിന്നും അദ്ദേഹത്തെ താഴെയിറക്കി അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതിയാണ് ചന്ദ്രബാബു നായിഡു. വിജയവാഡയിലേക്കാണ് ചന്ദ്രബാബുവിനെ കൊണ്ടുപോയിരിക്കുന്നത്.