ഗണപതിയും ഷംസീറും ആര്‍ എസ് എസും

In Special Story
August 03, 2023

കൊച്ചി: ഹൈന്ദവ വിശ്വാസികളുടെ പ്രധാന മൂര്‍ത്തികളില്‍ പ്രധാനിയായ ഗണപതിയെപ്പററി നിയമസഭാ സ്പീക്കര്‍ എ.എം.ഷംസീര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെക്കുറിച്ച് വേറിട്ട ചിന്തയുമായി സാമൂഹിക-രാഷ്ടീയ നിരീക്ഷകനായ ജയന്‍ രാജന്‍ ഫേസ്ബുക്കില്‍.

ഫേസ് ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു:

ഷംസീര്‍ ഗണപതിയെക്കുറിച്ചും മറ്റ് ഹിന്ദു പുരാണങ്ങളേ കുറിച്ചും പറഞ്ഞത് ശരിയാണ്. അത് അപമാനിക്കലോ അപകീര്‍ത്തിപ്പെടുത്തലോ ഒന്നുമല്ല. ഷംസീറിനെ എതിര്‍ക്കുന്ന പലര്‍ക്കും അത് അറിയുകയും ചെയ്യാം. കുഴപ്പം അത് ഷംസീര്‍ പറഞ്ഞു എന്നുള്ളതാണ്. എന്നാല്‍ അതിലും തെറ്റില്ല.

യഥാര്‍ത്ഥ പ്രശ്‌നം ഷംസീറിന്റെ ഇസ്ലാമിനേയും ഖുര്‍ആനേയും മറ്റും പ്രശംസിക്കുന്ന ഇരട്ടത്താപ്പാണ്. ഷംസീര്‍ ഉള്ളില്‍ ഒരു ഇസ്ലാം മത വിശ്വാസിയാണോ എന്ന് അറിയില്ല, പക്ഷെ ഈ വിഷയത്തില്‍ അയാള്‍ സത്യസന്ധനല്ല എന്ന് വ്യക്തമാണ്.

ഇസ്ലാമിന്റെ കാര്യത്തില്‍ ഒരു അലിഖിത സെന്‍സര്‍ഷിപ് ലോകത്തെമ്പാടും ആളുകള്‍ സ്വയം ഏര്‍പ്പെടുത്തുന്നു – കയ്യും തലയുമൊക്കെ തങ്ങള്‍ക്ക് പ്രിയപ്പെട്ടതായതു കൊണ്ട്. അത് ഇസ്ലാമിസ്റ്റുകള്‍ മുതലെടുക്കുകയും ചെയ്യുന്നു. പേരിന് മാത്രം ഹിന്ദു വര്‍ഗ്ഗീയ വാദികളും ഫാഷിസ്റ്റുകളുമായ സംഘപരിവാര്‍ പോലുള്ള മൊണ്ണ സംഘടനകള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും മിനക്കെടാതെ കുനിഞ്ഞ് നില്പ് തുടരുകയും ചെയ്യുന്നു.

എന്താണ് സംഘപരിവാറോ അവരുടെ പോഷക സംഘടനകളോ ചെയ്യേണ്ടിയിരുന്നത്? ഇരുപത്തിനാല് മണിക്കൂറിനകം ഷംസീര്‍ തന്റെ ഇരട്ടത്താപ്പ് അംഗീകരിച്ച് പറഞ്ഞത് പിന്‍വലിച്ചില്ലെങ്കില്‍ ഇസ്ലാമിനേയും നബിയേയും അള്ളാഹുവിനേയും മറ്റും ചിത്രങ്ങളടക്കം വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ സംസ്ഥാനമൊട്ടാകെ നിറയും എന്ന് മുന്നറിയിപ്പ് കൊടുക്കണമായിരുന്നു – വിശ്വാസികളായ മുസ്ലീങ്ങളോടും അവരുടെ സംഘടനകളോടും ഇതിന്റെ കാരണക്കാരന്‍ ഷംസീര്‍ മാത്രമാണെന്ന് വ്യക്തമായി പറഞ്ഞു കൊണ്ട്.

ഇടതുപക്ഷം അപ്പോഴും ഉളുപ്പില്ലാതെ സംഘപരിവാറാണ് വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞുകൊണ്ടിരിക്കും – പക്ഷെ മനസ്സിലാകേണ്ടവര്‍ക്ക് കാര്യം പിടി കിട്ടും. ഇനിയിങ്ങനെ ഇരട്ടത്താപ്പ് കാണിക്കാന്‍ കള്ളന്മാര്‍ രണ്ടാമതൊന്ന് ആലോചിക്കും. ഹിന്ദുക്കളുടെ രക്ഷാധികാരികള്‍ എന്ന് മേനി നടിക്കുന്ന സംഘപരിവാറിന് ഇങ്ങനെയൊക്കെ ചെയ്യാനുള്ള ആര്‍ജ്ജവമോ ബുദ്ധിയോ ഇല്ല.

ആത്മാഭിമാനത്തിന് വേണ്ടി വസ്തുതകള്‍ കൊണ്ട് സത്യസന്ധമായി പോരാടിയ നൂപുര്‍ ശര്‍മ്മയെ പുറത്താക്കിയവരില്‍ നിന്ന് യുക്തിസഹമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് തന്നെ തെറ്റ്. സാമ്പത്തികമായി രാജ്യം പുരോഗമിച്ചാല്‍ ഇസ്ലാം തന്നത്താനെ നന്നായിക്കോളും എന്നോ മറ്റോ നരേന്ദ്ര മോദി വിചാരിച്ചു വെച്ചിരിക്കുന്നു എന്ന് തോന്നുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ നിന്നും പഠിക്കാത്തവര്‍ വര്‍ത്തമാകാലത്തു നിന്നും എന്ത് പഠിക്കാന്‍!

ഒരു ആധുനിക ജനാധിപത്യ സമൂഹത്തില്‍ യാതൊന്നും തന്നെ വിമര്‍ശനത്തിന് അതീതമാകരുത്. എന്നാല്‍ മതവികാരം വൃണപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം ഇന്ത്യയില്‍ നിന്ന് എടുത്ത് കളയരുത് എന്ന് വാദിക്കുന്ന ഹിന്ദുക്കളായ പുരോഗമന വാദികളുണ്ട്.

ഹിന്ദുക്കളുടെ വികാരത്തെ വൃണപ്പെടുത്തുന്നവരുടെ കയ്യും കാലും വെട്ടി മാറ്റും എന്ന് ഭയപ്പെടേണ്ടതില്ലല്ലോ. ഷംസീര്‍ ഉദാഹരണം. അതേസമയം ഇസ്ലാമിനെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് ഭയം മൂലമുള്ള സ്വയം സെന്‍സര്‍ഷിപ് ഉണ്ട് താനും. അപ്പോള്‍ മേല്‍പറഞ്ഞ നിയമവും കൂടെ ഇല്ലാ എങ്കില്‍ ഹിന്ദുക്കള്‍ക്ക് ഒരു തരത്തിലും പ്രതികരിക്കാനാവില്ല എന്ന് വരും. എന്നിരുന്നാലും, മതങ്ങളേയും അതുണ്ടാക്കുന്ന വൃണങ്ങളേയും സംരക്ഷിക്കുന്ന എല്ലാ നിയമങ്ങളും മാറ്റുക തന്നെ വേണം.

മാധ്യമം പോലുള്ള പത്രങ്ങളില്‍ മോദിയേയും മറ്റും കണക്കിന് പരിഹസിച്ചു കൊണ്ടുള്ള കാര്‍ട്ടൂണുകള്‍ വരാറുണ്ട്. രസമുള്ളവ. ഹനുമാനെ മോദിയായി ചിത്രീകരിച്ചിരിക്കുന്നതൊക്കെ അതില്‍ കാണാനാകും. അതായത് ഒരു ഇസ്ലാമിസ്റ്റ് പത്രത്തിന് ഒരു ഹിന്ദു ആരാധാനാ മൂര്‍ത്തിയെ പരിഹസിക്കാം. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും അവര്‍ക്കുണ്ടാവണം, ശരി തന്നെ.

എന്നാല്‍ അതുപോലെ തന്നെ ജന്മഭൂമിക്ക് നബിയുടേയോ അള്ളാഹുവിന്റേയോ കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള സാഹചര്യവും ലഭ്യമാകണം. അതില്ലാത്തിടത്തോളം മാധ്യമത്തിന് മറ്റ് മതങ്ങളേയോ മതവുമായി ബന്ധപ്പെട്ടവരേയോ കളിയാക്കി വരയ്ക്കാനുള്ള അവകാശം ഉണ്ടാവുന്നത് നീതിയല്ല.

സര്‍ക്കാര്‍, രാമനേയും കൃഷ്ണനേയും, കൃസ്തുവിനേയും, നബിയേയും, മാര്‍ക്‌സിനേയും മറ്റും വിമര്‍ശിക്കുന്ന ഒരു സെറ്റ് കാര്‍ട്ടൂണുകള്‍ വര്‍ഷം തോറും പുറത്തിറക്കണം. അവയെല്ലാം തന്നെ എല്ലാ വര്‍ഷവും ഒരു തവണ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് മാത്രമേ (‘ഈ ചിത്രങ്ങളുടെ ഉള്ളടക്കത്തോട് യോജിക്കുന്നില്ല’ എന്ന തലക്കെട്ടോടു കൂടിയും ആവാം) തങ്ങളുടെ മാദ്ധ്യമങ്ങളില്‍ മത സംബന്ധമായ വിമര്‍ശനങ്ങളടങ്ങുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്താനാകൂ എന്ന ഒരു ചട്ടം വരണം.

എല്ലാവര്‍ക്കും ഒരേ നിയമം. കടലാസ്സിലും കാര്യത്തിലും. ജീവിത യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കുന്ന നിയമങ്ങള്‍ മാത്രമേ നീതി നടപ്പാക്കാന്‍ ഉപകരിക്കുകയുള്ളൂ.