ടി.പി കേസിലെ മറ്റ് പ്രതികള്‍ കീഴടങ്ങി: അകമ്പടിയായി സിപിഎം നേതാക്കളും

In Editors Pick, Main Story
February 21, 2024

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ഇവര്‍ക്കൊപ്പം സി.പി.എം നേതാക്കളുമുണ്ടായിരുന്നു.

പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയില്‍ ഹാജരാകുകയായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും.

കേസിലെ എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗമായിരുന്നു കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിന്‍ മുന്‍ അംഗമാണ് ജ്യോതിബാബു. 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരേ നല്‍കിയ അപ്പീലും പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എല്‍.എ. നല്‍കീയ അപ്പീലുമായിരുന്നു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.