ബില്‍ക്കിസ് ബാനുവിന് നീതി: ഗുജറാത്തിന് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ വിട്ടയയ്ക്കപ്പെട്ട പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കേസില്‍ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

സമീപകാലത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ വിധിപ്രസ്താവമാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് ബി.വി. നാഗരത്‌ന നടത്തിയത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, 55 മിനിറ്റ് നീണ്ടുനിന്ന വിശദമായ വിധിപ്രസ്താവമാണ് ഇന്നുണ്ടായിരിക്കുന്നത്. കേസില്‍ നല്‍കിയ ഹര്‍ജിയുടെ നിലനില്‍പ്പ് മുതല്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഇവരെ എന്തുചെയ്യണം എന്നതുള്‍പ്പെടെ ഏഴുവിഷയങ്ങള്‍ വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ വിചാരണ നടന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മറച്ചുവെച്ച് പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയെ കബളിപ്പിച്ചുകൊണ്ട് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഇല്ലാത്ത അധികാരം ഉപയോഗിച്ചു കൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതെന്നും ആ ഉത്തരവ് തങ്ങള്‍ റദ്ദാക്കുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിപ്രസ്താവത്തില്‍ പറയുന്നു. തങ്ങള്‍ക്ക് അധികാരമില്ല എന്ന് മനസ്സിലായിട്ടും ഗുജറാത്ത് സര്‍ക്കാര്‍ അത്തരം ഒരു നടപടിയുമായി മുന്നോട്ടുപോയത് തികച്ചും തെറ്റായ ഒരു നടപടിയെന്ന് കോടതി വ്യക്തമാക്കി.