March 24, 2025 6:19 am

മോദിയെ വീണ്ടും പരോക്ഷമായി വിമര്‍ശിച്ച്‌ മോഹൻ ഭഗവത്

പൂനെ: ആരും സ്വയം ദൈവമാണെന്ന് കരുതരുത്, ജോലിയില്‍ മികവ് പുലർത്തുന്ന ഒരാളെ ദൈവമായി കണക്കാക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.അല്ലാതെ അവർ സ്വയം ദൈവവമെന്ന് വിളിച്ചുപറയരുത് -ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വീണ്ടും വിമർശിക്കുകയായിരുന്നു ആർഎസ്‌എസ് തലവൻ.

മണിപ്പൂരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയ ശങ്കർ ദിനകറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേത്തിൻ്റെ പരാമർശം. മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല. ജനങ്ങള്‍ അവിടെ ആശങ്കയിലാണെന്നും മോഹൻ ഭഗവത് ഓർമ്മിപ്പിച്ചു.

ദൈവമാണെന്ന മോദിയുടെ പ്രസ്താവനക്കെതിരെ നേരത്തെയും ആർഎസ്‌എസ് തലവൻ രംഗത്തെത്തിയിരുന്നു. തന്റെ ജനനം ജൈവികമല്ലെന്നും ദൈവം അയച്ചവനാണെന്നായിരുന്നു മോദി അവകാശപ്പെട്ടത്. ഇതിനെ പ്രതിപക്ഷ പാർട്ടി നേതാക്കളടക്കം പരിഹസിച്ചിരുന്നു.

‘നമ്മുടെ ജീവിതകാലത്തിനിടയില്‍ കഴിയുന്നത്ര നല്ല പ്രവൃത്തികള്‍ ചെയ്യാൻ ശ്രമിക്കണം. ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സമൂഹത്തില്‍ ആർക്കും ആദരണീയ വ്യക്തികളാകാം. എന്നാല്‍ നമ്മള്‍ അത്തരത്തില്‍ അംഗീകരിക്കപ്പെടേണ്ട ആളാണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അല്ലാതെ സ്വയം ദൈവമായി പ്രഖ്യാപിക്കരുതെന്നും മോഹൻ ഭഗവത് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മോദിയെ വിമർശിച്ച്‌ മോഹൻ ഭഗവത് നേരത്തെ രംഗത്തെത്തിയിരുന്നു. ‘ഒരു യഥാർത്ഥ സേവകൻ ജോലി ചെയ്യുമ്ബോള്‍ മാന്യത നിലനിർത്തുന്നു. അങ്ങനെയുള്ളവർ മാത്രമേ സേവനം നടത്തുന്നുള്ളു. അവർക്ക് താൻ ചെയ്യുന്നതിനെ കുറിച്ച്‌ അഹങ്കാരം ഉണ്ടാകുകയില്ല. അങ്ങനെയുള്ളവർക്ക് മാത്രമേ സേവകനാകാൻ അവകാശമുള്ളൂ’ എന്നായിരുന്നു അന്ന് നടത്തിയ പരോക്ഷ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News