ന്യൂഡൽഹി:മുസ്ലിം സമുദായത്തിലെ സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങൾ നിർദേശിക്കുന്ന വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം.
ഭേദഗതി ബില്‍ പ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണു പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്.14 ഭേദഗതികൾ സ്വീകരിച്ചു.10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു.
വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്ന് സമിതിക്ക് നേതൃത്വം നൽകുന്ന ബിജെപി അംഗം ചെയര്‍മാന്‍ ജഗദംബിക പാല്‍ പറഞ്ഞു.
ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാകും റിപ്പോർട്ട് നൽകുക. നവംബര്‍ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു വേഗത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതിയിരുന്നു.
ബില്ലിനെക്കുറിച്ചു പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എംപിമാര്‍ പറഞ്ഞിരുന്നു. സമിതി യോഗത്തില്‍ ബഹളം വച്ചതിനു 10 പ്രതിപക്ഷ എംപിമാരെ ചെയര്‍മാന്‍ ജഗദംബികാ പാല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.