മണിപ്പൂർ കലാപം: മോദിയുടെ മൗനം പ്രതിപക്ഷത്തിനു ആയുധം

ന്യൂഡൽഹി: കലാപ കലുഷിതമായ മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് സംസാരിപ്പിക്കാനാണ് ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവതരിപ്പിച്ചത്.

ഒരൊറ്റ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പുരാണുള്ളതെന്ന് അദ്ദേഹം കുററപ്പെടുത്തി. രണ്ടു വിഭാഗങ്ങള്‍ ഇത്തരത്തില്‍ ഏറ്റുമുട്ടുന്നതു മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല

മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെക്കൻഡ് മാത്രമാണെന്ന് തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി. മണിപ്പുരിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇരട്ട എൻജിൻ സർക്കാർ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും.

ലഹരി മാഫിയയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയർത്തി. മന്ത്രിമാർക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

‘‘മണിപ്പുരിൽ സുരക്ഷാ സേനകൾ പരാജയപ്പെട്ടു. ആയുധങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. രണ്ടു വിഭാഗങ്ങൾ ഇത്തരത്തിൽ പോരടിക്കുന്നത് ഇതിനു മുൻപ് ഇന്ത്യ കണ്ടിട്ടില്ല. എന്നിട്ടും പോരടിക്കുന്ന ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി തയാറായില്ല.

അവിടെ സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബം ഉൾപ്പെടെ കലാപത്തിന് ഇരയായി. എന്നിട്ടും എല്ലാം സാധാരണ നിലയിലാണെന്ന് സർക്കാർ പറയുന്നു’ – തരുൺ ഗൊഗോയ് പറഞ്ഞു.

അദ്ദേഹം മൂന്നു ചോദ്യങ്ങളും ഉയർത്തി. 1. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോയില്ല? 2. മുഖ്യമന്ത്രിയെ മാറ്റാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്? 3. പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു.

അവിശ്വാസപ്രമേയത്തിൽ 12 മണിക്കൂറോളമാണ് ചർച്ച നടക്കുക. ആറ് മണിക്കൂർ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും.

ലോക്സഭയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പുർ കലാപത്തിൽ രണ്ടുദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലില്ലെങ്കിലും, വ്യാഴാഴ്ച സഭയിൽ മറുപടി നൽകും.

സഭയിലേക്കു തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുക്കും. മനീഷ് തിവാരി, ദീപക് ബയ്ജ്, അധീർ രഞ്ജൻ ചൗധരി‍, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത്.

ബിജെപിയിൽനിന്ന് മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ലോക്കറ്റ് ചാറ്റർജി, ബണ്ഡി സഞ്ജയ് കുമാർ, റാം കൃപാൽ യാദവ്, രാജ്ദീപ് റോയ്, വിജയ് ഭാഗൽ, രമേഷ് ബിധൂരി, സുനിത ദുഗ്ഗൽ, ഹീന ഗാവിത്, നിഷികാന്ത് ദുബെ, രാജ്യവർധൻ സിങ് റാത്തോർ എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News