December 12, 2024 6:29 pm

കുഞ്ഞുങ്ങളെ കൊല്ലണമെന്ന് കരുതിയതല്ല; മരണാനന്തര ചടങ്ങ് നടത്തേണ്ട

കൊച്ചി: ‘ഞങ്ങളെ സഹായിക്കാൻ ആരുമില്ല. കുഞ്ഞുങ്ങളെ കൊല്ലണമെന്ന് കരുതിയതല്ല. ആരുടെയും ആട്ടും തുപ്പും കേട്ട് അവർ ഇനി ജീവിക്കണ്ട. പലരോടും സഹായം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഞങ്ങളുടെ മരണാനന്തര ചടങ്ങ് നടത്തേണ്ട. അതിനുവേണ്ടി ആരുടെ കൈയിൽ നിന്നും പണം വാങ്ങരുത്.’ കടമക്കുടിയിൽ ജീവനൊടുക്കിയ കുടുംബത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്.

കടത്തിന് മേൽ കടമാണെന്നും ജീവിതം മടുത്തെന്നുമൊക്കെയാണ് കുറിപ്പിലുള്ളത്. കൂടാതെ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും പറയുന്നുണ്ട്. കുടുംബത്തിന് ബാങ്കുകളിലും മറ്റും സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. വരാപ്പുഴ ചെട്ടിഭാഗത്തുള്ള കടയിൽനിന്ന് പുതിയ കയർ രണ്ടു ദിവസം മുന്നേ വാങ്ങിെവച്ചിരുന്നു. ആത്മഹത്യാ കുറിപ്പെഴുതുന്നതിനായുള്ള നോട്ടുബുക്കും പുതിയതായി വാങ്ങിയതാണ്. 

കൂട്ട ആത്മഹത്യ ചെയ്ത സംഭവം ദിവസങ്ങൾക്കു മുൻപേ തീരുമാനിച്ചുറപ്പിച്ചതെന്നു പോലീസ്. രണ്ടു ദിവസം മുൻപായിത്തന്നെ ശില്പയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. രണ്ടു കുട്ടികളെയും രണ്ടു ദിവസമായി സ്‌കൂളിലും വിട്ടിരുന്നില്ല. ശില്പ ഇറ്റലിയിലേക്കു പോകുന്നുവെന്ന് അമ്മ ഉൾപ്പെടെയുള്ളവരെ വിശ്വസിപ്പിക്കുന്നതിനായി വസ്ത്രങ്ങളും മറ്റും പെട്ടിയിലും ബാഗുകളിലുമായി മുറിയിൽ എടുത്തു െവച്ചിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസം ഇറ്റലിക്കു പോകുന്നുവെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്.

നിജോയും ശില്പയുമായി കൂടുതൽ ബന്ധം പുലർത്തിയിരുന്നവരെ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്. കുടുംബം ആത്മഹത്യ ചെയ്യുന്നതിനു തൊട്ടടുത്ത ദിവസങ്ങളിലായി നിജോയുടെയും ശില്പയുടെയും ഫോണുകളിലേക്ക് തുടർച്ചയായി വന്നിട്ടുള്ള നമ്പരുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളവരുടെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

വിശദമായ പരിശോധനയ്ക്ക് ഇവരുടെ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിലേക്ക് വന്നിട്ടുണ്ടോയെന്നും പരിശോധിക്കും.ഒന്നിലധികം ഓൺലൈൻ ആപ്പുകളിൽനിന്ന്‌ ശില്പ വായ്പയെടുത്തിട്ടുണ്ടെന്ന നിഗമനമാണ് പോലീസിനുള്ളത്. കഴിഞ്ഞ ദിവസം സൈബർ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ നിജോയുടെ വീട്ടിലെത്തി സഹോദരൻ ടിജോ ജോണിയോട്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഓൺലൈൻ ആപ്പുകാർ അയച്ചതെന്നു കരുതുന്ന ശില്പയുടെ മോർഫ്‌ ചെയ്ത ചിത്രം ഉൾപ്പെടെയുള്ളവ പരിശോധിച്ചു.

 

ആപ്പുകൾ ആപ്പിലാക്കുന്ന രീതി

വായ്പ എടുത്തയാളുടെ ഫോട്ടോ ഉപയോഗിച്ച് പല രീതിയിലാണ് ഭീഷണി. വിവിധ കേസുകളിൽ പ്രതിയാണെന്ന് പരിചയക്കാരുടെയും ബന്ധുക്കളുടെയും മൊബൈലിലേക്ക് സന്ദേശം അയക്കും. പീഡനക്കേസ് പ്രതിയാണെന്നും എച്ച്ഐവി രോഗിയാണെന്നും സന്ദേശം പ്രചരിപ്പിക്കും. സ്ത്രീകളാണെങ്കിൽ ‘കാൾ ഗേൾ’ ആണെന്നു പറഞ്ഞ് ചിത്രവും നമ്പറും സഹിതം സന്ദേശങ്ങൾ അയക്കും. ചിലപ്പോൾ സമൂഹമാധ്യമങ്ങളിലുള്ള ചിത്രങ്ങളും ദുരുപയോഗം ചെയ്യും. അപമാനം ഭയന്ന് പലരും പരാതി നൽകാറില്ല. അപമാനിതരായതിൽ മനംനൊന്ത് ചിലർ ആത്മഹത്യ തെരഞ്ഞെടുക്കും. കടമക്കുടിയിലെ കൂട്ട ആത്മഹത്യയും ഇതിന്റെ പ്രതിഫലനമാണ്.

ഇന്ത്യയിലെ തട്ടിപ്പ് 3 തലങ്ങളിലായാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടനിലക്കാരും ഈ വിദേശ മാഫിയയ്ക്കുണ്ട്. പല ഏജന്റുമാരുടേയും പേരിൽ ബാങ്ക് അക്കൗണ്ട എടുത്താണ് തട്ടിപ്പ്. ഈ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തുന്നത്. രണ്ടാമത്തെ വിഭാഗം കോൾ സെന്റർ ജീവനക്കാരുടെ ജോലിയാണു ചെയ്യുക. ആദ്യ ഘട്ടത്തിൽ മാന്യമായി ഉപഭോക്താക്കളോട് ഇടപെടും. പിന്നീടാണു ഭീഷണി. ഉപഭോക്താക്കളുടെ ചിത്രം മോർഫ് ചെയ്തും മറ്റും പ്രചരിപ്പിക്കുന്നതു വിദേശത്ത് ഇരുന്നാണ്. ഇവരെ പിടികൂടുക അസാധ്യമാണ്.

‘അയ്യായിരം രൂപ തരാം. ആധാർ കാർഡും പാൻകാർഡും മാത്രം തന്നാൽ മതി. പണം ഉടൻ അക്കൗണ്ടിൽ’- ഇത്തരം സന്ദേശങ്ങളിലൂടെയാണ് ഓൺലൈൻ വായ്പത്തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത്. അനായാസം പണം കിട്ടുമെന്നതാണ് ഓൺലൈൻ വായ്പ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ചിലർ ബാങ്ക് സ്റ്റേറ്റ്‌മെന്റും ആവശ്യപ്പെടാറുണ്ട്. അയ്യായിരമെന്നു പറഞ്ഞാലും കൈയിൽ കിട്ടുന്നത് മൂവായിരം രൂപയാണ്. ബാക്കി വായ്പ പ്രോസസിങ് ചാർജാണെന്നു പറയും. തുക ഏഴുദിവസത്തിനകം 5500 രൂപയായി മടക്കിനൽകണം.

അതായത് 2500 രൂപ വായ്പഎടുക്കുന്നയാൾ കൂടുതൽ അടയ്ക്കണം. ഏഴുദിവസത്തേക്ക് 75 ശതമാനംവരെ പലിശ. ഏഴുദിവസത്തേക്കാണ് വായ്പയെങ്കിൽ ആറാംദിവസംമുതൽ തട്ടിപ്പുസംഘം ഫോൺവിളി തുടങ്ങും. പണം അടച്ചില്ലെങ്കിൽ ഭീഷണിയാകും. ഹിന്ദിയിലായിരിക്കും മിക്കവാറും സംസാരം. തട്ടിപ്പുസംഘത്തിന്റെ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മുടെ ഫോണിലെ വിവരങ്ങൾ എടുക്കാൻ അനുമതി നൽകണം. ഇതുവഴി ഫോണിലെ കോൺടാക്ട് ലിസ്റ്റും ഫോട്ടോകളും സംഘത്തിന്റെ കൈയിലെത്തും. ഇത് ഉപയോഗിച്ചുള്ള ഭീഷണിയാണ് പിന്നെ.


 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News