February 18, 2025 5:59 am

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിക്ക് എതിരെ ഇഡി ബോംബ് !

ന്യുഡൽഹി: നവംബര്‍ 7, 17 തീയതികളിൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ വെളിപ്പെടുത്തൽ വലിയ രാഷ്ടീയ ബോംബായി മാറുന്നു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍
കുടുങ്ങിയ മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ 508 കോടി രൂപ നല്‍കിയതായി ഇഡി ആരോപിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണം തുടരുകയാണ്.

സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇ.ഡി വ്യക്തമാക്കി.

തന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ‘ബാഗേൽ’ എന്നയാൾക്ക് നൽകാനുള്ളതാണെന്ന് ഇയാൾ പറഞ്ഞതായി ഇഡി പറയുന്നു.

ഇയാളില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയാക്കിയതില്‍നിന്നും മഹാദേവ് നെറ്റ്‌വര്‍ക്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരം ലഭിച്ചത് എന്നാണ് ഇ ഡിയുടെ വാദം.

കഴിഞ്ഞ കുറേ നാളുകളായി മഹാദേവ് ആപ് ഉടമകള്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പണം നല്‍കുന്നുണ്ടെന്നും ഇതുവരെ 508 കോടി രൂപ നല്‍കിയതായും ഇ.ഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് 4 ദിവസം മാത്രം അവശേഷിക്കെയാണ് ഇക്കാര്യം പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം. ഈ ആരോപണം ബി ജെ പി ആയുധമാക്കും എന്ന കാര്യം ഉറപ്പാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News