ക്യൂബയെ മോശമാക്കി; ക്യൂബൻ അംബാസിഡർക്ക് ഇ-മെയിലിൽ പരാതി

In Featured, Special Story
November 03, 2023

കൊച്ചി: ‘ക്ഷയിച്ച ഇല്ല’ ത്തോട് ക്യൂബയെ ഉപമിച്ച ‘വ്ളോഗർ’ സുജിത് ഭക്തനെതിരേ കേരളത്തിൽനിന്ന് പരാതി. ക്യൂബയെ മോശമാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്കാണ് ഇ-മെയിലിൽ പരാതി ലഭിച്ചത്.

കുറച്ചുദിവസങ്ങളായി ക്യൂബയിലുള്ള വ്ളോഗർ സുജിത് വീഡിയോകൾ യുട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു. ഇതിലൊന്നിൽ ക്യൂബയിലെ ഒരു സൂപ്പർമാർക്കറ്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ക്ഷയിച്ചുകിടക്കുന്ന ഇല്ലംപോലെയാണ് ഇവിടത്തെ പല സംഭവങ്ങളും. എയർപോർട്ട് മുതലുള്ള പലതും അങ്ങനെയാണ്. ഈ സൂപ്പർമാർക്കറ്റ് കാലിയാണ്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു സൂപ്പർമാർക്കറ്റ് കാണുന്നത്. സർക്കാരോഫീസ് പോലെയുണ്ട്. കുറച്ചുസാധനങ്ങൾ മാത്രമേയുള്ളൂ. അത് അടുക്കിവെച്ചിരിക്കുകയാണ്. റേഷൻകടയിൽപ്പോയി സാധനംമേടിച്ച് വരുന്നതുപോലെയാണ് തോന്നിയതെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് ക്യൂബയിലുള്ള സുജിതിനോട് അവിടത്തെ അധികൃതർ വിശദീകരണംതേടി. സുജിത് തന്നെയാണ് വിവരം വീഡിയോയിലൂടെ അറിയിച്ചത്.

ഇത് ദഹിക്കാത്ത മലയാളികളിലാരോ ആണ് ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്ക് ഇ-മെയിൽ അയച്ചെന്നായിരുന്നു സുജിത് മറ്റൊരു വീഡിയോയിൽ വെളിപ്പെടുത്തിയത്. താൻ മോശമായതൊന്നും പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ പരിശോധിക്കാമെന്നും സുജിത് ക്യൂബൻ അധികൃതരെ അറിയിച്ചു.

ക്യൂബൻ യാത്രയ്ക്ക് അവസരമൊരുക്കിയത് അവിടത്തെ ടൂറിസം വകുപ്പാണ്. രാജ്യത്തെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ള ‘ഫാംട്രിപ്പ്’ ആയിരുന്നു അത്. എന്തുപറയണം പറയരുത് എന്നതിനെക്കുറിച്ച് യാതൊരു നിബന്ധനയുമുണ്ടായിരുന്നില്ല. വീഡിയോയിലൊന്നിൽ അവിടത്തെ പള്ളികളെക്കുറിച്ചും മതവിശ്വാസത്തിലേക്കുള്ള മടങ്ങിപ്പോക്കിനെക്കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്. അതൊന്നും ആരും വിവാദമാക്കിയില്ലെന്ന് സുജിത് പറയുന്നു .