പഴയ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ അടയാളം

In Main Story
September 18, 2023

ദില്ലി : പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയുടെ വിജയവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതുമാണ് പ്രസംഗത്തില്‍ പ്രധാനമായും മോദി ചൂണ്ടിക്കാട്ടിയത്. പഴയ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ അടയാളമാണെന്ന് മോദി പറഞ്ഞു.

പുതിയ മന്ദിരത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പഴയ മന്ദിരവുമായി ബന്ധപ്പെട്ട പ്രചോദനദായകമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കേണ്ട സമയമാണിത്. പുതിയ മന്ദിരത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സെപ്തംബര്‍ 19ന്  ആരംഭിക്കും. ഈ ചരിത്ര മന്ദിരത്തോട് നാമെല്ലാവരും വിട പറയുകയാണ്. സ്വാതന്ത്ര്യത്തിന് മുന്‍പ്, ഈ മന്ദിരം ഇംപീരിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഈ മന്ദിരത്തിന് പാര്‍ലമെന്റിന്റെ സ്വതവം ലഭിച്ചു. ഈ മന്ദിരം നിര്‍മ്മിക്കാനുള്ള തീരുമാനം വിദേശ ഭരണാധികാരികളാണ് എടുത്തതെങ്കിലും അത് നിര്‍മ്മിക്കുന്നതിന് പിന്നിലുള്ള കഠിനാദ്ധ്വാനവും പണവും കഷ്ടപ്പാടും ഏറ്റെടുത്തത് ഈ രാജ്യത്തെ പൗരന്മാരായിരുന്നുവെന്നത് ഒരിക്കലും മറക്കരുത്, അഭിമാനത്തോടെ പറയാന്‍ കഴിയണം.

ജി20യുടെ വിജയം രാജ്യത്തിന്റെ മുഴുവനാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടേയോ അല്ല. ജി20യുടെ യശസ്സ് എല്ലാവരുടെയും അഭിമാനമാണ്. ലോകം ഇപ്പോള്‍ സംസാരിക്കുന്നത് ഇന്ത്യയുടെ യശസ്സിനെ കുറിച്ചാണ്. ജി20 ഉച്ചകോടിയിലെ ഏകാഭിപ്രായത്തിലൂടെയുള്ള പ്രഖ്യാപനം ഇന്ത്യയുടെ ശക്തിയാണ് തെളിയിക്കുന്നത്.

ഈ മന്ദിരത്തോട് വിടപറയുന്നത് ഏറെ വൈകാരികമാണ്. കയ്പും മധുരവും കലര്‍ന്ന ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞതാണ് പഴയ പാര്‍ലമെന്റ് മന്ദിരം. ഈ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യം പ്രവേശിച്ച ദിവസം ഒരിക്കലും താന്‍ കരുതിയില്ല, രാജ്യത്തെ ജനങ്ങളില്‍ നിന്ന് ഇരതയേറെ സ്‌നേഹം ലഭിക്കുമെന്ന്. പുതിയ മന്ദിരത്തിലേക്ക് നാം നാളെ പ്രവേശിക്കുമെങ്കിലും പഴയ മന്ദിരം വരുംതലമുറയ്ക്ക് പ്രചോദനമായി നിലകൊള്ളുമെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റില്‍ വനിതാ അംഗങ്ങളുടെ എണ്ണം മുന്‍കാലങ്ങളില്‍ കുറവായിരുന്നു. എന്നാല്‍ അവരുടെ പ്രാതിനിധ്യം ക്രമേണ ഉയര്‍ന്നുവരികയാണ്. ഇന്ന്, ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നു. 75 വര്‍ഷം നീണ്ട പാര്‍ലമെന്റ് ചരിത്രത്തില്‍ ഒറ്റക്കെട്ടായ പരിശ്രമങ്ങളുടെ ഫലമാണത്. ചന്ദ്രയാന്‍-3ന്റെ വിജയം ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ അഭിമാനം കൊള്ളിക്കുന്നു.. മോദി കൂട്ടിച്ചേര്‍ത്തു.