വീണ്ടും വിദേശയാത്രയ്ക്ക് അനുമതി തേടി മന്ത്രി സംഘം

തിരുവനന്തപുരം: വീണ്ടും വിദേശയാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും. ലോക കേരള സഭാ മേഖലാ സമ്മേളനം നടത്താനാണ് സംസ്ഥാന സർക്കാർ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. അടുത്തമാസം 19 മുതൽ 22 വരെ സൗദി അറേബ്യയില്‍ സമ്മേളനം സംഘടിപ്പിക്കാനാണിരിക്കുന്നത്. വിദേശയാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും കേന്ദ്രത്തിന് അപേക്ഷ നൽകി.

സൗദി സമ്മേളനം നേരത്തേ തീരുമാനിച്ചതാണെന്നാണ് സർക്കാരിന്റെ വിശദീകരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ലോക കേരള സഭ സംഘടിപ്പിക്കുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം, യാത്രയ്ക്ക് കേന്ദ്രം അനുമതി നൽകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഈ വർഷം ജൂണിൽ ന്യൂയോർക്കിൽ ലോക കേരള സഭാ മേഖലാ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

ലോക കേരള സഭയുടെ ലണ്ടൻ സമ്മേളനം നടക്കുമ്പോൾ തന്നെ സൗദി അറേബ്യയിലെ മേഖല സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ലോക കേരള സഭയുടെ സമ്മേളനം, യാത്ര, പരസ്യ പ്രചാരണം എന്നീ ചെലവുകൾക്കായി രണ്ട് മാസം മുമ്പ് രണ്ടര കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.ലോക കേരള സഭയുടെ കേരളാ സമ്മേളനവും ഉടൻ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News