March 24, 2025 5:38 am

ശത്രു സ്വത്ത് നിയമത്തിൽ ഭേദഗതി വരുത്തി

ന്യൂഡല്‍ഹി: രാജ്യം വിഭജിച്ച ശേഷം പാകിസ്താനിലേക്ക് പോയവരും, ചൈന പൗരത്വം എടുത്തവരും ഇന്ത്യയില്‍ ഉപേക്ഷിച്ച സ്വത്ത്   വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കേന്ദ്രസർക്കാർ മാറ്റം വരുത്തി. ഇതിന് ‘ശത്രു സ്വത്ത്’ എന്നാണ് പറയുന്നത്.

പുതിയ നിയമപ്രകാരം ശത്രു സ്വത്ത് വാങ്ങുന്നതിന് നിലവിലെ താമസക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. പഞ്ചായത്ത് പരിധിയില്‍ ഒരു കോടി രൂപയില്‍ താഴെ വിലയുള്ള സ്വത്തുക്കളും മുൻസിപ്പല്‍ പരിധിയില്‍ അഞ്ച് കോടിയില്‍ താഴെ വരുന്ന സ്വത്തുക്കളള്‍ക്കും ചട്ടം ബാധകമാണ്. നിലവിലെ താമസക്കാർക്ക് വാങ്ങാൻ താത്പര്യമില്ലെങ്കില്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

കേരളത്തില്‍ ശത്രു സ്വത്ത് ഏറ്റെടുക്കാനുള്ള നടപടികള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഇത്തരം സ്വത്തുകള്‍ കൂടുതലായുള്ളത് മലപ്പുറം ജില്ലയിലാണ്.പുതിയ വിജ്ഞാപനപ്രകാരം നിലവിലെ താമസക്കാർക്ക് പണം നല്‍കി സ്വത്ത് രേഖാമൂലമാക്കാൻ അവസരം ലഭിക്കും.

2023 ലാണ് ശത്രു സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. രാജ്യത്തുള്ള ശത്രു സ്വത്തുക്കളുടെ മൂല്യം 1.04 ലക്ഷം കോടിയോളം വരും. 12,611 സ്വ‍ത്തുവകകളാണ് ശത്രുരാജ്യക്കാരുടെ പേരില്‍ ഇന്ത്യയില്‍ ഉള്ളത്. 12,485 എണ്ണം പാക് പൗരന്മാരുമായും 126 എണ്ണം ചൈന പൗരന്മാരുമായും ബന്ധപ്പെട്ടവയാണ്.

1965ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം രൂപം നല്‍കിയ എനിമി പ്രോപ്പർട്ടി ആക്റ്റ് പ്രകാരമാണ് ഈ സ്വത്തുക്കള്‍ പരിപാലിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News