January 18, 2025 7:00 pm

നവീന്‍ ബാബുവിന് എതിരായ പരാതി വ്യാജം ?

കണ്ണൂര്‍ :അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേട്ട് ആയിരുന്ന കെ. നവീന്‍ ബാബുവിനെതിരെ പെട്രോൾ പമ്പ് സംരംഭകനായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം.

പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസം കാണുന്നു. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തീയതി മാററി എഴുതിയതെന്നും ആക്ഷേപമുണ്ട്.

എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ പേര് പ്രശാന്ത് എന്നുമാണ്. രണ്ടിലേയും ഒപ്പിലും വ്യത്യാസമുണ്ട്. ഇത് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്.

ചെങ്ങളായിയില്‍ പ്രശാന്തന്റെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പ്രസംഗമാണ് നവീന്റെ ആത്മഹത്യയ്ക്ക് കാരണമായത്.

എന്നാല്‍ നവീന്‍ തന്റെ സര്‍വീസിലുടനീളം അഴിമതി കാട്ടാത്ത ഉദ്യോഗസ്ഥനാണെന്ന് മേല്‍ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പും സാക്ഷ്യപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നവീന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, കണ്ണൂർ കളക്ടർ അരുൺ കെ വിജയന് എതിരെ നവീൻ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കി. കളക്ടർ -എഡിഎം ബന്ധം “സൗഹൃദപരം ആയിരുന്നില്ല”. എന്ന് അവർ അറിയിച്ചു.

അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാൻ വൈകിച്ചു. ഈ വിവരങ്ങള്‍ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നുവെന്ന് ആണ് മൊഴി.

സംസ്‌കാര ചടങ്ങില്‍ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇത് തന്നെയാണ്. കണ്ണൂരില്‍ നിന്നുള്ള അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കല്‍ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു മക്കള്‍, സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

അതിനിടെ, പി പി ദിവ്യയുടെ മുൻ‌കൂർജാമ്യ അപേക്ഷയില്‍ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേർന്നു. നവീന്റെ ഭാര്യ മഞ്ജുഷ വക്കാലത്ത് ഒപ്പിട്ടു നല്‍കി.

എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത ഐഎഎസിന് നല്‍കി. കൂടുതല്‍ അന്വേഷണചുമതലയില്‍ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് കളക്ടർക്കെതിരെ ആരോപണം വന്നതോടെ ആണ് കൂടുതല്‍ അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News