January 15, 2025 12:06 pm

സ്വര്‍ണക്കടത്ത്: മോദി എന്തു ചെയ്തു ? സതീശൻ

ന്യൂഡല്‍ഹി: ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുശ്സൂരിൽ പ്രസംഗിച്ചത്.എന്നാൽ എന്തുകൊണ്ട് കേന്ദ്ര ഏജൻസികളെ ചങ്ങലയ്ക്കിട്ടു എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കള്ളക്കടത്തിനെ കുറിച്ച്‌ അറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അവിടെ പരിശോധന നടത്താതിരുന്നത്? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്ര ഏജന്‍സികള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു?

ഇന്ത്യയിലെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫീസുകള്‍ കേന്ദ്ര ഏജന്‍സികൾ പരിശോധന നടത്തുകയാണ്.കേരളത്തില്‍ സി.പി.എമ്മുമായി സംഘ്പരിവാര്‍ സന്ധി ചെയ്തതു കൊണ്ടാണ് പരിശോധനകൾ വേണ്ടെന്ന് വെച്ചതെന്ന് പകൽ പോലെ വ്യക്തം.

സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്? അന്ന് നടപടി എടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയേനെ.

സി.പി.എം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബി.ജെ.പിക്ക് അറിയാം. ഈ യാഥാര്‍ഥ്യം മനസിലാക്കിയാണ് സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയില്‍ എത്തിയത്. പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് പ്രധാനമന്ത്രിയും പ്രസംഗം.

കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സര്‍ക്കാര്‍ സഹായിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികളും സംരക്ഷിച്ചു.

മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്ലിന്‍ കേസ് മാറ്റിവെക്കുന്നത്. സി.ബി.ഐ അഭിഭാഷകന്‍ ഹാജരാകുന്നില്ല. സി.പി.എമ്മും സംഘ്പരിവാര്‍ ശക്തികളും തമ്മിലുള്ള ധാരണ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തരുതെന്നതാണ് ഇവരുടെ പൊതുലക്ഷ്യം. പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തിലും ഇത് വ്യക്തമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തിന്‍റെ വേഗം എത്രയാണെന്ന് എല്ലാവരും കണ്ടതാണ്. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചന സി.പി.എമ്മും സംഘ്പരിവാറും നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഗുസ്തി താരങ്ങളുടെ വിഷയത്തിലും അവര്‍ അതേ നിലപാടാണ് സ്വീകരിച്ചത്. ഗുസ്തി താരങ്ങള്‍ക്ക് കണ്ണീരോടെ മെഡലുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. എം.പിയെയും രാഷ്ട്രീയമായി കൂടെ നില്‍ക്കുന്നവരെയും സംരക്ഷിക്കാന്‍ സ്ത്രീവിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സ്വീകരിച്ചത്.

മണിപ്പൂരിലെ സ്ത്രീകള്‍ക്കു വേണ്ടി അവര്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്? സ്ത്രീകള്‍ക്ക് തുല്യ പ്രധാന്യം ലഭിക്കുന്ന പുതിയ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരല്ല ബി.ജെ.പി. വരേണ്യ വിഭാഗങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ് അവരുടെ രീതി. ബി.ജെ.പിയുടെ ഈ ആശങ്ങളൊന്നും പുരോഗമന നിലപാടുള്ള കേരളം ഒരുതരത്തിലും സ്വീകരിക്കില്ല.

സാമൂഹിക സുരക്ഷ പെന്‍ഷന്‍ കിട്ടുന്നില്ലെന്നതാണ് വധ്യവയോധികയായ മറിയക്കുട്ടിയുടെ പ്രശ്‌നം. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. പെന്‍ഷന്‍ കിട്ടാതെ മരുന്ന് വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുടെ പ്രതീകമാണ് മറിയക്കുട്ടി. പെന്‍ഷന്‍ മുടങ്ങിയെന്ന വിഷയം ഉന്നയിച്ച്‌ കോണ്‍ഗ്രസ് വിളിച്ചാലും ബി.ജെ.പി വിളിച്ചാലും അവര്‍ പോകും.

സി.പി.എം കേരളത്തില്‍ മാത്രമെയുള്ളൂ. ദേശീയ തലത്തില്‍ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ സി.പി.എം യു.ഡി.എഫുമായി ഏറ്റുമുട്ടുന്ന വ്യത്യസ്ത രാഷ്ട്രീയമാണ്. എന്നിട്ടും ബി.ജെ.പിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഇൻഡ്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് നിലപാട് എടുത്തത് മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളാണെന്നും സതീശൻ വ്യക്തമാക്കി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News