December 13, 2024 12:06 pm

ചന്ദ്രനിൽ സൾഫറും ടൈററാനിയവും മഗ്നീഷ്യവും ഇരുമ്പും

ബംഗളൂരു : ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ, സൾഫറിന്റെ സാന്നിദ്ധ്യം ചന്ദ്രയാൻ-3, കണ്ടെത്തി.

അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട് റോവറിലെ ഉപകരണമായ ലിബ്സ് ആണ് ഇത് കണ്ടെത്തുന്നത്.

ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്ന‍ീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ചാണ് ലിബ്സ് പഠിക്കുന്നത്. ഇതിനിടെയാണ് സൾഫർ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

‘ലിബ്സി’നു പുറമെ ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണവും റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക

സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്കാണ് കൈമാറുന്നത്. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്.

തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പക‍ർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമായിരുന്നു ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News