ഇടക്കാല ബജറ്റ് ഇന്ന്: വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളവും

In Main Story, ഇന്ത്യ
February 01, 2024

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യതയുണ്ട്. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം സമ്പൂര്‍ണ ബജറ്റ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഇടക്കാല ബജറ്റുകളില്‍ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചേക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റില്‍ വലിയ നയപരമായ മാറ്റങ്ങള്‍ക്ക് ഇടയില്ല. ബജറ്റ് പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കുമെന്നാണ് സൂചന. എങ്കിലും ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. 2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.