ജമ്മു കശ്മീരില്‍ ഒരു സംഘടനയെ കൂടി നിരോധിച്ചു

ന്യൂഡൽഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജമ്മു കശ്മീരിലെ തെഹ്രീകെ ഹുറിയത്തിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരിനെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നടപടിയുടെ ഭാഗമായാണ് തീരുമാനം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലൂടെ അറിയിച്ചു.നേരത്തെ മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ(മസ്രത്ത് ആലം ഗ്രൂപ്പ്) കേന്ദ്രം നിരോധിച്ചിരുന്നു. 'ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന ഏര്‍പ്പെട്ടിരിക്കുകയാണ്. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങള്‍ നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുകയാണ്- അദ്ദേഹം എക്‌സില്‍ കുറിച്ചു. സംഘടനയെ യുഎപിഎ പ്രകാരം ആണ് നിരോധിച്ചത്.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം കേന്ദ്ര സര്‍ക്കാരിന് ഏത് സംഘടനയെയും 'നിയമവിരുദ്ധം' അല്ലെങ്കില്‍ 'ഭീകരവാദികള്‍' ആയി പ്രഖ്യാപിക്കാം.ഒരു സംഘടനയെ 'നിയമവിരുദ്ധം' അല്ലെങ്കില്‍ 'ഭീകരവാദം' അല്ലെങ്കില്‍ 'നിരോധിതം' എന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, അതിലെ അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കഴിയും. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 43 സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ഖാലിസ്ഥാനി സംഘടനകള്‍, ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, എല്‍ടിടിഇ, അല്‍ ഖ്വയ്ദ തുടങ്ങിയ 43 സംഘടനകളെയാണ് നിരോധിച്ചിരിക്കുന്നത്. തെഹ്രീകെ ഹുറിയത്തിനെ നിരോധിച്ചതിന്റെ വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ സംഘടനയിലെ പ്രവര്‍ത്തകര്‍ തീവ്രവാദികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും കല്ലേറിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇതില്‍ ആരോപിക്കുന്നു. ഇവര്‍ ഇന്ത്യന്‍ നിയമം പാലിക്കുന്നില്ല. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട പ്രദേശമായി കണക്കാക്കുന്നു.കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു വലിയ സംഘടനയ്ക്കെതിരെ നാല് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 27 ന് മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസ്രത്ത് ആലം ഗ്രൂപ്പ്) ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം യുഎപിഎ പ്രകാരമാണ് ഈ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഈ സംഘടനയും അതിലെ അംഗങ്ങളും ജമ്മു കശ്മീരില്‍ ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ജമ്മു കശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.