ദാവൂദ് ഇബ്രാഹിം വിഷബാധയേററ് ഗുരുതരാവസ്ഥയിൽ

കറാച്ചി: പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരർ അജ്ഞാതരാൽ കൊല്ലപ്പെട്ടു എന്ന വാർത്തകൾക്കിടയിൽ, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിഷം അകത്തു ചെന്ന്
അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 മാസത്തിനിടെ ഒട്ടേറെ ഭീകരർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ആരാണ് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഇവരെല്ലാം ഇന്ത്യയുടെ കുററവാളിപ്പട്ടികയിൽ ഉൾപ്പെടുന്നവരാണ്.

ദാവൂദ് ഇബ്രാഹിമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എന്നാല്‍ ഒരു വിവരവും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നതോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ ആർക്കും അറിയില്ല.

“രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ അയാൾ ആശുപത്രിയില്‍ കഴിയുന്നത്.ആശുപത്രിയിലെ ഒരു നില മുഴുവന്‍ ദാവൂദിനായി മാററിവെച്ചിരിക്കുകയാണ്. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. ദാവൂദിന്റെ ബന്ധുക്കളായ അലിഷാ പര്‍ക്കര്‍, സാജിദ് വാംഗ്ലെ എന്നിവരില്‍ നിന്ന് വിവരം തേടാനാണ് ശ്രമം. ദാവൂദ് ഇബ്രഹീം രണ്ടാം വിവാഹത്തിന് ശേഷം കറാച്ചിയില്‍ താമസിക്കുകയാണെന്ന് സഹോദരി ഹസീന പര്‍ക്കര്‍ ജനുവരിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലുള്ള ഭീകരർ അജ്ഞാതരാൽ വിദേശങ്ങളിൽ കൊല്ലപ്പെടുന്നുവെന്ന വാർത്തകൾ വിവിധ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതു പോലെയുള്ള നിരവധി സംഭവങ്ങൾ വ്യാപകമാണ്.

ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതോടെ എക്സ് പോലെയുള്ള മാധ്യമങ്ങളിൽ ‘അജ്ഞാതർക്കു’ നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളുടെ കുത്തൊഴുക്കാണ്.

ദുരൂഹമായ കൊലപാതങ്ങളിൽ ചിലത് താഴെ ചേർക്കുന്നു :

അബു ഖാസിം: ലഷ്‌കർ-ഇ-തൊയ്ബ ഭീകരനും ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാനിയുമായ അബു ഖാസിം എന്ന റിയാസ് അഹമ്മദ്, റാവൽകോട്ടിലെ ഒരു പള്ളിക്കുള്ളിൽ വെടിയേറ്റു മരിച്ചു.

ഷാഹിദ് ലത്തീഫ്: 2016-ൽ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ നടന്ന പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജെയ്‌ഷെ മുഹമ്മദിന്റെ നേതാവ് ഷാഹിദ് ലത്തീഫ് അഥവാ ബിലാലിനെ 2023 ഒക്ടോബറിൽ പത്താൻകോട്ടിൽ ‘അജ്ഞാതരായ അക്രമികൾ’ വെടിവച്ചു വീഴ്ത്തി.

അദ്‌നാൻ അഹമ്മദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസിന്റെ അടുത്ത സഹായി കൂടിയായിരുന്ന ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അബു ഹൻസല അഥവാ അദ്‌നാൻ അഹമ്മദനെ ഈ മാസമാദ്യം ‘അജ്ഞാതർ’ വെടിവച്ചു കൊന്നു.

സഹൂർ മിസ്ത്രി: 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ പ്രതി. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഇയാൾ പാക്കിസ്ഥാനിലെ കറാച്ചിയില്‍ 2022 മാര്‍ച്ചിൽ വെടിയേറ്റു കൊല്ലപ്പെട്ടു.