മോഷ്ടിച്ചത് കോടി പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍: നാല് പേർ അറസ്റ്റിൽ

In Featured, വാര്‍ത്ത
December 18, 2023

ന്യൂഡൽഹി : രാജ്യത്തെ 81.5 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ ചോർത്തിയ സംഭവത്തിൽ നാല് പേർ ഡൽഹിയിൽ അറസ്റ്റിൽ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡേറ്റ ബാങ്കിൽനിന്ന് ഉള്ള ഡാററയാണ് മോഷ്ടിച്ചത്.കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ചോർച്ച കണ്ടെത്തി രണ്ട് മാസത്തിനുശേഷമാണ് ഈ നടപടി. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റ ചോര്‍ച്ചയാണെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.ഡൽഹി, യുപി, ഹരിയാന എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലെ (എഫ്ബിഐ) വിവരങ്ങളും പാകിസ്താനിൽ ‘ആധാറി’ന് സമാനമായി ഉപയോഗിക്കുന്ന കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സിഎൻഐസി) എന്നിവയുടെ വിവരങ്ങളും പ്രതികൾ ചോർത്തിയതായാണ് മൊഴി.

ഒഡിഷയിൽനിന്നുള്ള ബി ടെക് ബിരുദധാരി, ഹരിയാനയിൽനിന്നുള്ള രണ്ട് പേർ, ഝാൻസിയിൽനിന്നുള്ള ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ഡൽഹി കോടതിയിൽ ഹാജരാക്കിയത്.

പ്രതികളെല്ലാം മൂന്ന് വർഷം മുമ്പ് ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോമിലാണ് കണ്ടുമുട്ടിയതെന്ന് പോലീസ് അറിയിച്ചു.
പെട്ടെന്ന് പണം സമ്പാദിക്കാൻ തീരുമാനിച്ചാണ് ഇവർ കുറ്റകൃത്യം നടത്തിയതത്രെ.

ഒക്ടോബര്‍ ഒൻപതിനാണ്,ഡേറ്റാ ചോര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ അമേരിക്കന്‍ ഏജന്‍സി സെക്യൂരിറ്റി വെളിപ്പെടുത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള ഒരു ലക്ഷം ഫയലുകളുണ്ടെന്നാണ് പറയുന്നത്.

സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് രണ്ട് മാസം മുൻപ് ഐസിഎംആർ ഡേറ്റ ലംഘനത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്.

ഡേറ്റ ചോർച്ചയുടെ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. എന്നാൽ പൂർണമായും ഡാറ്റ ചോർന്നിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം.