സതീഷ് കുമാർ വിശാഖപട്ടണം
തൃശ്ശിവപേരൂർ .. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ ഖ്യാതിയാലും കേരളത്തിന്റെ സാംസ്ക്കാരികതലസ്ഥാനം എന്ന വിശേഷണത്താലും തലയെടുപ്പോടെ നിൽക്കുന്ന ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന പുണ്യഭൂമി .
കേരളക്കരയിലെ ഏറ്റവും വലിയ ഉത്സവാഘോഷത്തിനായി ഈ നാട് വീണ്ടും അണിഞ്ഞൊരുങ്ങിയിരിക്കുന്നു . ഇത്രയധികം ജനപങ്കാളിത്തമുള്ള മതസാഹോദര്യം നിലനിർത്തുന്ന ഒരു ഉത്സവം കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ തന്നെ ഉണ്ടോയെന്ന് സംശയമാണ്.
പരശുരാമൻ മഴുവെറിഞ്ഞു നേടിയ കേരളഭൂമിയിൽ സാക്ഷാൽ പരശുരാമനാൽ തന്നെ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്ര ഐതിഹ്യമാണ് തൃശ്ശിവപേരൂരിനുള്ളത്. എഴുതിയാൽ തീരാത്തത്ര വിസ്മയഗാഥകൾ കൊണ്ട് അനുഗൃഹീതമാണ് ഈ പുരാതന ക്ഷേത്രവും ക്ഷേത്രനഗരിയും.
ഒരിക്കൽ കൈലാസത്തിൽ എത്തിയ പരശുരാമൻ താൻ പുതുതായി സൃഷ്ടിച്ച കേരളഭൂമി സന്ദർശിക്കുവാൻ കൈലാസനാഥനായ ശ്രീ പരമേശ്വരനെ ക്ഷണിക്കുന്നു. പരിവാരസമേതം ഭാർഗ്ഗവക്ഷേത്രത്തിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കേ ഇന്നത്തെ ക്ഷേത്രസന്നിധി നിലനിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടുത്തെ ദിവ്യതേജസ്സ് കണ്ട പരശുരാമൻ ശിവനോട് ഇവിടെ കുടികൊള്ളണമെന്നഭ്യർത്ഥിക്കുന്
അതുകൊണ്ടാണത്രേ തൃശ്ശിവപേരൂരിലെ ശിവനെ വടക്കുന്നാഥൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 1300 ലധികം കൊല്ലങ്ങൾ പഴക്കമുള്ള തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം പന്തിരുകുലത്തിലെ പെരുന്തച്ചനാണ് നിർമ്മിച്ചെടുത്തത്. ശക്തൻ തമ്പുരാന്റെ കാലത്താണ് തേക്കിൻകാട് മൈതാനവും അമ്പലത്തെ ചുറ്റിയുള്ള പ്രദക്ഷിണ വഴികളുമെല്ലാം രൂപപ്പെടുന്നതും ക്ഷേത്രം ഇന്നുള്ള പ്രൗഢിയിലേക്ക് ഉയർന്നുവന്നതും .
ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഉപജ്ഞാതാവും ശക്തൻ തമ്പുരാൻ തന്നെയാണ്. കൈലാസനാഥന്റെ മാഹാന്മ്യങ്ങളെക്കുറിച്ചും ലീലാവിലാസങ്ങളെക്കുറിച്ചുമുള്ള ഒട്ടേറെ സിനിമകളും ചലച്ചിത്രഗാനങ്ങളുമെല്ലാം സംഗീത പ്രേമികൾക്കും ഭക്തർക്കും എല്ലാ കാലത്തും വളരെയധികം ആവേശം പകർന്നിട്ടുണ്ട് .
തൃശൂർ പൂരത്തെ സ്വാഗതം ചെയ്യാൻ വെമ്പുന്ന മനസ്സുകളിലേക്ക് ശിവ ചൈതന്യവുമായി ബന്ധപ്പെട്ട ചില ഗാനങ്ങളെ ഈ ചെറിയ കുറിപ്പിലൂടെ ഇവിടെ ഓർത്തെടുക്കുകയാണ് .
1969-ൽ പുറത്തിറങ്ങിയ “കുമാരസംഭവം ” എന്ന ചലച്ചിത്രം ആ വർഷത്തെ മികച്ച സിനിമക്കുള്ള കേരള സംസ്ഥാനത്തിന്റെ പ്രഥമപുരസ്കാരം നേടുകയുണ്ടായി. നീലായുടെ ബാനറിൽ പി സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വയലാറും ഒഎൻവി കുറുപ്പുമാണ് ഗാനങ്ങൾ എഴുതിയത് . ഗാനങ്ങൾക്കെല്ലാം സംഗീതം നൽകിയത് ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ മാസ്റ്ററായിരുന്നു .
“പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്ര ശൃംഗങ്ങളിൽ വെൺകൊറ്റപ്പൂങ്കുടപോൽ വിടർന്ന വിമലാകാശാന്തരംഗങ്ങളിൽ ….”
എന്നുതുടങ്ങുന്ന ഒ എൻ വി യുടെ ഗാനം സത്യ ശിവ സൗന്ദര്യങ്ങൾ കളിയാടുന്ന ശിവശൈലത്തിന്റെ
ഭാവഗരിമ എടുത്തു കാണിക്കുന്നതായിരുന്നു .
സതിയുടെ പുനർജന്മമായ പാർവ്വതി തന്റെ പ്രിയതമനെ തേടിയുള്ള പ്രയാണത്തിന്റെ ചേതോഹരമായ ആവിഷ്ക്കരണമായിരുന്നു കുമാരസംഭവത്തിലെ മറ്റൊരു പ്രശസ്ത ഗാനം .
“പ്രിയസഖി ഗംഗേ പറയൂ പ്രിയമാനസനെവിടെ
ഹിമഗിരിശൃംഗമേ പറയു
എൻ പ്രിയതമനെവിടെ …”
എന്ന ഗാനത്തിലൂടെ പാർവ്വതി പരമേശ്വരന്മാരുടെ പവിത്രമായ പ്രണയവും സമാഗമവുമൊക്കെ സാധാരണ പ്രേക്ഷകർക്കാണ് കൂടുതൽ അനുഭവവേദ്യമായത്.
” ഇന്ദുകലാമൗലി തൃക്കയ്യിൽ ഓമനിക്കും സ്വർണ്ണമാൻ
പേടയെന്റെ സഖിയായി….”
” ശരവണ പൊയ്കയിൽ അഭിഷേകം … “
“നല്ല ഹൈമവതഭൂമിയിൽ വസന്ത നന്ദിനിമാർ വന്നു…..”
തുടങ്ങിയ കുമാര സംഭവത്തിലെ മനോജ്ഞമായ ഗാനങ്ങളെല്ലാം ശിവഭക്തർക്ക് ഇന്നും പ്രിയപ്പെട്ടവ തന്നെ.
പി സുബ്രഹ്മണ്യം തന്നെ സംവിധാനം ചെയ്ത “സ്വാമി അയ്യപ്പൻ “എന്ന ചിത്രത്തിലും കൈലാസനാഥനെ കുറിച്ചുള്ള മനോഹരമായ ഒരു ഗാനമുണ്ടായിരുന്നത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ.?
“കൈലാസ ശൈലാധിനാഥാ കൈതൊഴാം
കൈതൊഴാം
ശ്രീപാദം …..”
ഇന്നും ഒട്ടേറെ ശിവഭക്തരുടെ മനസ്സിൽ ഈ സുന്ദര ഗാനത്തിന്റെ വരികൾ അലയടിക്കുന്നുണ്ടാകും . ശിവന്റെ ശിരസ്സിൽ നിന്നുൽഭവിച്ച് ഭൂമിയെ പവിത്രമാക്കുന്ന പുണ്യനദിയായ ഗംഗയെ തേടിയുള്ള കഥാനായകന്റെ അനന്തയാത്ര മോഹൻലാൽ നായകനായി അഭിനയിച്ച “വടക്കുനാഥൻ ” എന്ന ചിത്രത്തിന്റെ വലിയ ആകർഷണങ്ങളിൽ ഒന്നായിരുന്നു.
പി എൻ മേനോൻ സംവിധാനം ചെയ്ത “മഴക്കാർ ” എന്ന ചിത്രത്തിലെ ഒരു ഭക്തിഗാനം ശിവഭക്തരുടെ പ്രിയപ്പെട്ട ശിവരാത്രി
ആഘോഷങ്ങൾക്ക് നിറച്ചാർത്ത് നൽകുന്നതായിരുന്നു .
“വൈക്കത്തപ്പനും ശിവരാത്രി വടക്കുംനാഥനും ശിവരാത്രി
ഭഗവാന് തിരുനോയമ്പ്
ഇന്ന് ഭഗവതിക്കും തിരുനോയമ്പ്
ഉണ്ണിഗണപതിക്കും തിരു നൊയമ്പ് …”
എന്ന ഭക്തിഗാനത്തിലൂടെ ശിവരാത്രിയുടെ പുണ്യവും ഭക്തകോടികൾ അനുഭവിച്ചറിഞ്ഞിരുന്നു.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത “പരിണയം” എന്ന ചിത്രത്തിലെ
“പാർവ്വണേന്ദുമുഖി
പാർവ്വതി ഗിരീശ്വരന്റെ ചിന്തയിൽ മുഴുകി വലഞ്ഞൂ ….”
എന്ന തിരുവാതിര ഗാനം പാർവ്വതി സ്വയംവരത്തിന്റെ കഥനത്തോടൊപ്പം കേരളത്തിന്റെ തനതു കലയായ തിരുവാതിരക്കളിയുടെ ചിട്ടയായ ലാസ്യഭാവങ്ങൾ കൂടി അനുവാചകർക്കു പകർന്നു നൽകി.
മലയാള സിനിമയുടെ ഗന്ധർവ്വൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പി പത്മരാജന്റെ തൂവാനത്തുമ്പികളിലെ
“ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ്റെ മുമ്പിൽ
പാടുവതും രാഗം
നീ തേടുവതും
രാഗമാദേവനുമനുരാഗിയാം അമ്പലപ്രാവേ…”
എന്ന പ്രണയഗാനത്തിന്റെ പശ്ചാത്തലം വടക്കുംന്നാഥന്റെ പ്രദക്ഷിണ വഴികളായിരുന്നുവെന്ന കാര്യം വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ..?
പൂരം എന്നും പുരുഷാരവങ്ങളുടെ ആന്ദോളനങ്ങളായിരുന്നുവല്ലോ. ആ പഴയ സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച് പൂരം കാണാൻ കൊതിക്കുന്ന പെൺമനസ്സിൻ്റെ കാമനകളെ അടയാളപ്പെടുത്തിയ ഒരു നാടൻപാട്ട് അടുത്തിടെ മലയാളനാട് ഒന്നടങ്കം നെഞ്ചിലേറ്റുകയുണ്ടായി .
“കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ
പൂരം എനിക്കൊന്നു
കാണണം കാന്താ..
പൂരം അതിലൊന്ന്
കൂടണം കാന്താ .. “
പൂരം കണ്ടാൽ മാത്രം പോരാ അതിലൊന്നു കൂടി
തിമില കൊട്ടണമെന്നുമാണ്
പെണ്ണിൻ്റെ മനസ്സിലിരുപ്പ്….
“തിമില എനിക്കൊന്നു
കാണണം കാന്താ
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ
കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ…. “
തിമില മാത്രമല്ല , മദ്ദളം കൂടി കൊട്ടണമെന്നാണ് പെങ്കൊച്ചിൻ്റെ ആഗ്രഹം
“മദ്ദളം എനിക്കൊന്നു
കാണണം കാന്താ
മദ്ദളം അതിലൊന്ന്
കൊട്ടണം കാന്താ
കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ …”
തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ് വെടിക്കെട്ട്. ആ വെടിക്കെട്ട് കാണുകയും പറ്റിയാൽ ഒരു വെടിക്കുറ്റി ഒന്നു കൊളുത്തണമെന്നുമാണ് സുന്ദരി പെണ്ണിൻ്റെ മോഹം…
“വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ
വെടിക്കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ
കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ..”
ഇങ്ങനെ വയലാറും ഒ എൻ വിയും ശ്രീകുമാരൻ തമ്പിയും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ വാക്കുകളിലൂടെ വരച്ചിട്ട ശിവചൈതന്യത്തിൻ്റെ പശ്ചാത്തലത്തിൽ ഇലഞ്ഞിത്തറ മേളവും വെടിക്കെട്ടും കുടമാറ്റവുമെല്ലാം ചേർന്ന തൃശൂർ പൂരം ജനകോടികളുടെ ആവേശമായി ആഘോഷിക്കപ്പെടുന്ന ഇന്ന് എല്ലാ പൂരപ്രേമികൾക്കും “പാട്ടോർമ്മകൾ @365 “- ൻ്റെ ആശംസകൾ..
————————————————————————————-
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക