തിരുവനന്തപുരം എന്നും ശശി തരൂരിനു സ്വന്തം: ഒ രാജഗോപാൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി യെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാല്‍.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.

”പാലക്കാട്ടുകാരനായ തരൂരിന്‍റെ മഹിമ ലോകം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ തരൂര്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ് അദ്ദേഹം. നല്ല ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കും. എന്നാല്‍ എന്തിനാണ് തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചിരുന്നു” – അദ്ദേഹം പറഞ്ഞു.

പക്ഷെ അത്ഭുതമെന്നു പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആര്‍ക്കെങ്കിലും അവസരം ഉണ്ടാകുമോയെന്ന് ഞാന്‍ സംശയിക്കുകയാണ്”- രാജഗോപാല്‍ പറഞ്ഞു.

രാജഗോപാലിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷമാണ് പരിപാടി നടന്ന വേദിയില്‍നിന്ന് ശശി തരൂര്‍ മടങ്ങിയത്.