അയോധ്യയിലേക്ക് തിരുപ്പതിയിൽ നിന്ന് ഒരു ലക്ഷം ലഡു

തിരുപ്പതി : അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷത്തോളം മിനി ലഡുകൾ തയ്യാറാക്കുന്നു.

ജനുവരി 22 നാണ് ഉദ്ഘാടനം. പരിപാടിയിൽ പങ്കെടുക്കുനായി എത്തുന്നവർക്ക്, ലഡു വിതരണം ചെയ്യാൻ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് ഓഫീസർ ധർമ റെഡ്ഡി അറിയിച്ചു.

സാധാരണയായി, തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രസാദമായാണ് ലഡു നൽകുന്നത്. ലഡുവിന് 176 ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കമുണ്ടാകും. അയോധ്യയിലേക്ക് അയക്കുന്ന മിനി ലഡു 25 ഗ്രാം ആയിരിക്കും.

തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിക്ക് സമർപ്പിക്കുന്ന പവിത്രമായ പ്രസാദങ്ങൾ തയ്യാറാക്കുന്ന അടുക്കളയിൽ വെച്ചു തന്നെയാകും അയോധ്യയിലേക്കുള്ള ലഡുകളും തയ്യാറാക്കുക.

ഭഗവാൻ ബാലാജിയുടെ വിശുദ്ധ പ്രസാദം അയോധ്യയിലേക്ക് അയക്കുന്നത് അഭിമാനകരമായി ഞങ്ങൾ കരുതുന്നുവെന്ന് ധർമ്മ റെഡ്ഡി പറഞ്ഞു.