December 13, 2024 11:43 am

പിണറായി സ്തുതിയിൽ തെറ്റില്ലെന്ന് ഇ പി ജയരാജൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്‌തുതി ഗാനത്തിൽ തെറ്റില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനം ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ തെറ്റില്ല. പി ജയരാജൻ ആർമിയെ (പിജെ ആർമി) പാർട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

പിജെ ആർമി എന്ന പേരിൽ ജയരാജനെ പുകഴ്‌ത്തികൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതും പാർട്ടിയ്ക്ക് തലവേദനയായിരുന്നു. പിന്നീട് ഈ പേജിന്റെ പേര് റെഡ് ആർമി എന്ന് മാറ്റുകയും ചെയ്തു. കണ്ണൂർ തളാപ്പിൽ പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ബോർഡുകൾ ഉയർന്നതും ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

മുഖ്യമന്ത്രിയെ പുകഴ്‌ത്തി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കേരള സിഎം’ എന്ന വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. പ്രതിപക്ഷം വീഡിയോയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. ‘സാജ് പ്രൊഡക്ഷൻ ഹൗസ്’ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിഷാന്ത് നിളയാണ് പാട്ടിന്റെ വരികളും സംഗീതവും സംവിധാനവും നിർവഹിച്ചത്. പിണറായി സർക്കാരിനെതിരെ ഉയർന്നുവന്ന സ്വർണക്കടത്ത് വിവാദം അടക്കമുള്ളവ ആസൂത്രിതമാണെന്ന രീതിയിലുള്ള രംഗങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.

”പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍…നാട്ടാർക്കെല്ലാം സുപരിചിതന്‍…തീയില്‍ കുരുത്തൊരു കുതിരയെ…കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. ”മനസു ഡാ തങ്കം, മാസ് ഡാ പുള്ളി, നടന്നു വന്നാൽ പുലിയെടാ, മാസ് ഡാ അണ്ണൻ, ക്ലാസ് ഡാ അണ്ണൻ”-തുടങ്ങിയ വരികളും വീഡിയോയിലുണ്ട്. ബ്രണ്ണൻ കോളേജിലെ പിണറായി വിജയന്റെ പാർട്ടി പ്രവർത്തനവും വീഡിയോയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്.

വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ചില ഇടതുകേന്ദ്രങ്ങളിൽ നിന്നടക്കം വിമർശനം ഉയർന്നിരുന്നു. പിണറായി വിജയനെ പുകഴ്ത്തി‌ക്കൊണ്ടുള്ള മെഗാ തിരുവാതിരയിലെ ഗാനം വിവാദമായതിന് പിന്നാലെയാണ് ‘കേരള സിഎം’ പുറത്തുവന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി എസ് അച്യുതാനന്ദന്റെ കട്ടൗട്ടുകൾ നിറഞ്ഞപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശക്തമായി വിമർശിച്ചിരുന്നു.

കണ്ണൂരിൽ പി ജയരാജനെ പുകഴ്ത്തികൊണ്ടുള്ള പാട്ടുകളും പ്രചാരണങ്ങളും മുദ്രാവാക്യങ്ങളും ഉയർന്നപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റി അന്ന് ഇടപെട്ടിരുന്നു. ജയരാജന് പാർട്ടിയുടെ ശാസനയും ഏറ്റുവാങ്ങേണ്ടി വന്നു. പാട്ട് വിവാദമായതോടെ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. വ്യക്തിയെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചതിൽ ജയരാജന് പങ്കില്ലെന്നായിരുന്നു അന്ന് റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് അംഗീകരിച്ച സംസ്ഥാനകമ്മിറ്റി വ്യക്തിപ്രഭാവം ഉയർത്തുന്ന നിലയിലുള്ള പ്രചാരണം ന‌ടന്നതിൽ ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് വിലയിരുത്തിയാണ് ശാസന നൽകിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News